vadakkunnathan

തൃശൂർ: കൊവിഡോടെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് നിയന്ത്രണം വന്നതോടെ മിക്ക ക്ഷേത്രങ്ങളിലും അന്തിത്തിരി മങ്ങി. വരുമാനം നിലച്ചതോടെ ക്ഷേത്ര നടത്തിപ്പ് പ്രതിസന്ധിയിലായി. നിത്യച്ചെലവിനും പൂജയ്ക്കും ജീവനക്കാരുടെ ശമ്പളത്തിനും വൈദ്യുതി ചാർജിന് പോലും പണമില്ലാത്ത അവസ്ഥയാണ്.

നീക്കിയിരിപ്പിൽ നിന്ന് നിത്യചെലവുകൾ നിർവഹിച്ചിരുന്ന ക്ഷേത്രങ്ങളിൽ അതും തീർന്നതോടെ ഭരണസമിതി അംഗങ്ങളുടേയും വിശ്വാസികളുടേയും സഹായത്തിലാണ് ഇപ്പോൾ കാര്യങ്ങൾ മുമ്പോട്ടുപോകുന്നത്. ദേവസ്വം ബോർഡ്, സ്വകാര്യ ട്രസ്റ്റുകൾ, കരക്കാർ, കുടുംബക്കാർ എന്നിവരുടെ വകയായി അയ്യായിരത്തിലധികം ക്ഷേത്രങ്ങളാണ് ജില്ലയിലുള്ളത്. ലോക്ക് ഡൗണിന് മുമ്പുവരെ നല്ലൊരു തുക മിച്ചംവന്നിരുന്ന ക്ഷേത്രങ്ങളിൽ കുറെക്കാലമായി കാൽക്കാശിന് പോലും വരുമാനമില്ല. വിഷുദിനത്തിൽ പോലും ഭക്തർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ നിയന്ത്രണമുണ്ടായിരുന്നു. കാണിക്കയും നേർച്ചകളും സംഭാവനകളും പൂജാദി കാര്യങ്ങളിൽ ലഭിക്കുന്ന തുകകളുമാണ് ക്ഷേത്രങ്ങളിലെ വരുമാനം.

പ്രായമായവർ എത്താതായത്

പ്രതിസന്ധിയുണ്ടാക്കി

പതിവായി ക്ഷേത്ര ദർശനം നടത്തിയിരുന്ന പ്രായമായവരിൽ പലരും കൊവിഡിനെ ഭയന്ന് വീടിന് പുറത്തിറങ്ങുന്നില്ല. പ്രായമായവരാണ് തങ്ങളുടെയും മക്കളുടേയും ചെറുമക്കളുടേയും അഭിവൃദ്ധിക്കായി ക്ഷേത്രങ്ങളിൽ പൂജകൾക്കും വഴിപാടുകൾക്കും വലിയതോതിൽ പണം ചെലവഴിക്കാറ്. വിശേഷ ദിവസങ്ങളിൽ പൂജാരി, കഴകം, അടിച്ചുതളി എന്നിവർക്ക് ദക്ഷിണയായും ഇവർ പണം നൽകാറുണ്ട്. രാമായണ മാസവും ചിങ്ങമാസവുമൊക്കെയാണ് വരാൻ പോകുന്നത്. അപ്പോഴെങ്കിലും എല്ലാം പൂർവ സ്ഥിതിയിലാകും എന്ന പ്രതീക്ഷയാണ് ക്ഷേത്ര ജീവനക്കാർക്കുള്ളത്.

ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് ഒന്നാം തരംഗ സമയത്ത് ചെയ്തപോലെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സർക്കാരിന് ഭക്തർക്ക് ക്ഷേത്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കാം. ക്ഷേത്രങ്ങളിൽ പ്രവേശിക്കാതെ ഭക്തർക്ക് വഴിപാടുകൾ ചെയ്യാനുള്ള സാഹചര്യവും ഒരുക്കാനാകും.

പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി
തന്ത്രി, വടക്കുന്നാഥ ക്ഷേത്രം