poyya-photo

വനം വകുപ്പ് ചാലക്കുടി റേഞ്ച് പ്രൊജക്ട് നടപ്പാക്കുന്ന കണ്ടൽ കാടൊരുക്കൽ പദ്ധതി മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്യുന്നു

മാള: പൊയ്യ പഞ്ചായത്തിന്റെയും സാമൂഹിക വനവത്കരണ വിഭാഗത്തിന്റെയും മാള ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ വനം വകുപ്പ് ചാലക്കുടി റേഞ്ച് പ്രൊജക്ട് നടപ്പാക്കുന്ന കണ്ടൽ കാടൊരുക്കൽ പദ്ധതിക്ക് തുടക്കമായി. തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പൊയ്യ പഞ്ചായത്തിലെ അഡാക്കിലെ മത്സ്യ ഫാമിന്റെ വശങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. കണ്ടൽ കാടൊരുക്കൽ പ്രകൃതിക്കായൊരു കൂടൊരുക്കൽ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ടൽ കാടുകൾ ഏറെ നശിപ്പിക്കപ്പെട്ട മേഖലയിലാണ് വീണ്ടും പദ്ധതിയിലൂടെ പച്ചപിടിക്കാനൊരുങ്ങുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ നിർവഹിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം തൃശൂർ ഡിവിഷൻ ഫോറസ്റ്റ് കൺസർവേറ്റർ പി.എം. പ്രഭു, ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുമു സ്‌കറിയ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി. രവി, ബ്ലോക്ക്ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബി.ഡി.ഒ ജയ സരേന്ദ്രൻ, പദ്ധതിക്ക് പേരിട്ട സുജൻ പൂപ്പത്തി തുടങ്ങിയവർ പങ്കെടുത്തു.