forest-tree-frud

തൃശൂർ : തൃശൂരിലെ മൂന്ന് വനം റേഞ്ചുകളിൽ നിന്നായി അഞ്ച് കോടിയോളം വിലവരുന്ന തേക്കും ഈട്ടിയും വെട്ടിക്കടത്തി. വനം വകുപ്പിന്റെ അന്വേഷണത്തിലാണ് കൊള്ള വെളിച്ചത്തായത്. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും മരം മുറി നടന്നതായി ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചിലെ പുലാക്കോട് മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ മരം മുറിച്ചു കടത്തിയത്. 33 പാസിന്റെ മറവിൽ 500 ഓളം മരങ്ങൾ കടത്തി.

ലാൻഡ് അസൈൻമെന്റ് പട്ടയമുള്ള ഭൂമിയിലും മരം മുറി നടന്നിട്ടുണ്ട്. പട്ടിക്കാട്, തൃശൂർ റേഞ്ചുകളിലും മരം മുറിച്ചു കടത്തി.

2020 ഒക്ടോബർ 24ലെ വിവാദ ഉത്തരവിനെ തുടർന്നാണ് നവംബർ മാസം മുതൽ വ്യാപകമായി തടിവെട്ട് ആരംഭിച്ചത്. ഉത്തരവ് പിൻവലിച്ച 2021 ഫെബ്രുവരി രണ്ടിന് ശേഷവും ഒരു തടസവുമില്ലാതെ മരംമുറി തുടർന്നു. ഇതിനകം കടത്തിയ തടികൾ കണ്ടെത്തുക എളുപ്പമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പിടിച്ചെടുത്ത തടികൾ എളനാട് സ്റ്റേഷനിലും പരിസരത്തും ഇപ്പോഴുമുണ്ട്.

മരംമുറി വിവാദമായതോടെ രണ്ട് ദിവസത്തിനകം അമ്പതോളം കേസുകളാണ് വനംവകുപ്പ് രജിസ്റ്റർ ചെയ്തത്. അതേസമയം, അകമല, പൂങ്ങോട്, പൊങ്ങണംകോട് എന്നീ സ്റ്റേഷനുകൾ നിറുത്തലാക്കിയത് കേസുകൾ അട്ടിമറിക്കാനാണെന്നാണ് വനംസംരക്ഷണ പ്രവർത്തകരുടെ ആക്ഷേപം.
എന്നാൽ, വർഷങ്ങൾക്ക് മുമ്പുള്ള നിർദ്ദേശം ഇപ്പോൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നാണ് തൃശൂർ ഡി.എഫ്.ഒയുടെ വിശദീകരണം. പരാതികൾ കൂടിയതോടെ ഓരോ റേഞ്ച് കേന്ദ്രീകരിച്ചും വെവ്വേറെ കേസുകളാണ് വനംവകുപ്പ് രജിസ്റ്റർ ചെയ്യുന്നത്. മുറിച്ചു മാറ്റപ്പെട്ട മരങ്ങളുടെ കണക്കുകൾ ഉടൻ സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒന്നര ലക്ഷം രൂപയുടെ തേക്കിൻ തടി പിടിച്ചു

അരീക്കോട് : നിലമ്പൂർ നോർത്ത് ഡിവിഷൻ കൊടുമ്പുഴ ഫോറസ്റ്റ് ഓഫീസ് പരിധിയിൽ കടത്താൻ ശ്രമിച്ച 13 തേക്ക് തടികൾ പിടികൂടി. ഒതായി ചാത്തല്ലൂർ ഖദീജയുടെ പേരിലുള്ളതാണ് മരങ്ങൾ മുറിച്ച ഭൂമി. ഒന്നരലക്ഷമാണ് ഫോറസ്റ്റ് വകുപ്പ് വിലയായി കാണിച്ചിട്ടുള്ളത്. റവന്യൂ പട്ടയഭൂമിയിൽ റബർ കൃഷിക്കൊപ്പം നട്ടുവളർത്തിയ തേക്ക് മരങ്ങൾ മകളുടെ വിവാഹ ആവശ്യത്തിനായി മുറിച്ചു എന്നാണ് ഭൂവുടമ പറയുന്നത്. അതേസമയം, ഭൂരേഖകളിൽ ഇല്ലാത്ത തേക്കുമരങ്ങൾ മുറിക്കാൻ അനുമതിയില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മാസത്തോടെ അനുമതി ഇല്ലാതായി. നേരത്തെ കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് പാസ് അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ സാധുവല്ലെന്നാണ് ഉന്നത വനം ഉദ്യോഗസ്ഥരുടെ നിലപാട്. മരം വെട്ടി വിൽപ്പന നടത്താൻ ശ്രമിച്ചതിന് ഭൂവുടമക്ക് പിഴ ചുമത്തും.