ചോദ്യം ചെയ്യൽ തുടരുന്നു
തൃശൂർ: കുഴൽപ്പണക്കേസിൽ തുക തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ധർമ്മരാജൻ വീണ്ടും കോടതിയിൽ ഹർജി സമർപ്പിച്ചു. കഴിഞ്ഞദിവസം സമർപ്പിച്ച ഹർജി കോടതി മടക്കിയിരുന്നു. ഹർജികൾ വെവ്വേറെ നൽകാനായിരുന്നു നിർദ്ദേശം. വെവ്വേറെ ഹർജികൾ ധർമ്മരാജൻ, സുനിൽ നായിക്ക്, ഷംജീർ എന്നിവരുടെ പേരിൽ ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചു.
തട്ടിക്കൊണ്ടു പോയതിൽ മൂന്നേകാൽ കോടി തന്റേതെന്ന് ധർമ്മരാജനും, 25 ലക്ഷം സുനിൽ നായിക്കിന്റേതെന്നും, കാർ ഷംജീറിന്റേതെന്നും ഹർജികളിൽ പറയുന്നു.
അതേസമയം, ബി.ജെ.പി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. പൊലീസ് ക്‌ളബിൽ ഒരു മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു.
വിയ്യൂർ ജില്ലാ ജയിലിൽ കഴിയുന്ന പ്രതികളെ ഒന്നിച്ചിരുത്തിയും ചോദ്യംചെയ്തു. മറ്റൊരു പ്രതി ഷിഗിലിന് വേണ്ടി കർണാടകത്തിലും തെരച്ചിൽ നടത്തുന്നുണ്ട്. പത്ത് ലക്ഷം രൂപ ഷിഗിലിന് കൈമാറിയെന്നാണ് പ്രതികളിൽ നിന്ന് ലഭിച്ച മൊഴി.
കവർച്ചാസ്ഥലത്ത് ആദ്യമെത്തിയത്
ബി.ജെ.പി ജില്ലാ ട്രഷറർ
പരാതിക്കാരൻ ധർമ്മരാജന്റെ ഡ്രൈവർ ഷംജീറിന്റെ മൊഴിപ്പകർപ്പ് പുറത്തായതോടെ, കവർച്ച നടന്ന സ്ഥലത്ത് ആദ്യമെത്തിയത് ബി.ജെ.പി തൃശൂർ ജില്ലാ ട്രഷറർ സുജയ് സേനനാണെന്ന് വ്യക്തമായി. കൊടകരയിൽ കവർച്ച നടന്നതിന് ശേഷം ധർമ്മരാജനെ വിളിച്ചതിന് തൊട്ടുപിന്നാലെ സുജയ് സേനനെത്തിയെന്നാണ് ഷംജീർ നൽകിയ മൊഴി.