ചേലക്കര: പട്ടയഭൂമിയിലെ മരം മുറിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് മറയാക്കി ചേലക്കര മേഖലയിൽ നിന്നും മുറിച്ചുകടത്തിയത് കോടിക്കണക്കിന് വിലയുള്ള വൻമരങ്ങളെന്ന് നാട്ടുകാർ. മച്ചാട് റേഞ്ചിലെ പഴയന്നൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ മലമ്പാടം ഭാഗത്ത് പട്ടയഭൂമിയിൽ നിന്നാണ് കഴിഞ്ഞ ജനുവരിയിൽ വൻ തോതിൽ മരം മുറിച്ചുകടത്തിയത്.
സ്ഥലം കൈവശക്കാർക്ക് തുച്ഛമായ വില നൽകി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വൻമര മാഫിയക്കാർ തേക്കും ഈട്ടിയും അടക്കമുള്ള വൻ മരത്തടികൾ കടത്തിക്കൊണ്ടുപോയെന്നാണ് ആരോപണം. ഫോറസ്റ്റ് അധികൃതർ മരം കൊണ്ടു പോകുന്നതിനു നൽകിയ പാസിന്റെ കാലാവധി കഴിഞ്ഞിട്ടും മരം കൊണ്ടുപോയത് നാട്ടുകാരായ ചിലരുടെ ഇടപെടലുകളെ തുടർന്ന് ചേലക്കര പൊലീസെത്തി തടയാൻ ശ്രമിച്ചിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ മലമ്പാടം പ്രദേശങ്ങളിൽ നിന്നും മരം മുറിച്ച് കടത്തിയത് സംബന്ധിച്ച് അന്വേഷണം തടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.