ചാലക്കുടി: കൊമ്പുകൾ മുറിക്കാനുള്ള തീരുമാനത്തിന്റെ മറവിൽ എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരങ്ങൾ മുറിച്ചിട്ടു. ഏഴ് മരങ്ങളാണ് ഇതിനകം മുറിച്ചത്. പ്ലാവ്, വാക, മാവ് തുടങ്ങിയ വലിയ മരങ്ങളാണ് ഏതാനും ദിവസത്തിനുള്ളിൽ നിലം പതിച്ചത്.
ആശുപത്രി വികസന സമിതി യോഗത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ മുറിക്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാൽ വെട്ടിയതാകട്ടെ മരങ്ങളുടെ കടഭാഗങ്ങളും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ചൗക്കയിലെ സാമൂഹിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.
മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പറയുന്നു. ആരുടെയോ ഒത്താശയോടെയാണ് മരംമുറി നടന്നതെന്ന് സംശയിക്കുന്നതായി വികസന സമിതി അംഗം കെ.കെ. ചന്ദ്രൻ പറഞ്ഞു.