photo

ആംബുലൻസിൽ നിന്ന് മൃതദേഹം ഇറക്കാനൊരുങ്ങുന്ന സംഘം

മാള: കുടുംബങ്ങളിലെ എതിർ സ്വരങ്ങളെ ഇല്ലാതാക്കി വനിതകളുടെ ധീരതയിൽ കൊവിഡ് ബാധിച്ച് മരിച്ച യുവതിയുടെ സംസ്‌കാര ചടങ്ങുകൾ നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അടക്കമുള്ള അഞ്ചംഗ സംഘമാണ് മൃതദേഹവുമായി ലാലൂരിലെ ശ്മശാനത്തിലേക്ക് പോയത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത് അന്നമനട പഞ്ചായത്തിന്റെ സ്വന്തം സേനയായ യുവത്വം സന്നദ്ധം പ്രവർത്തകരായ മീര സുനിൽ, അഞ്ജന ശിവൻ, റിയ ബാബു എന്നിവരാണ്. തുടർന്ന് അന്നമനടയിൽ നിന്ന് പി.പി.ഇ കിറ്റ് ധരിച്ച് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടി ഒപ്പം ചേർന്നു.

മീര സുനിലും അരുണിമയും ഇത് രണ്ടാം തവണയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നത്. പ്ലസ്ടു വിദ്യാർത്ഥിനിയാണ് വെണ്ണൂർ സ്വദേശിയായ അരുണിമ. അന്നമനട പഞ്ചായത്തിൽ മരണമടഞ്ഞ മേലഡൂർ സ്വദേശി മഞ്ജുളയുടെ മൃതദേഹം കുടുംബാംഗങ്ങളെ കാണിച്ച ശേഷം ആംബുലൻസിൽ ഈ അഞ്ച് പേരും ലാലൂരിലേക്ക് പോയി സംസ്‌കാര ചടങ്ങുകൾ നിർവഹിക്കുകയായിരുന്നു.

..

ആ പെൺകുട്ടികളെ കണ്ട് പഠിക്കുകയായിരുന്നു. അവരെ അഭിനന്ദിക്കുന്നതിന് അപ്പുറമാണ് അവർക്കൊപ്പം ചേരുകയെന്ന് തിരിച്ചറിഞ്ഞാണ് കുടുംബക്കാരെ സമ്മതിപ്പിച്ച് മൃതദേഹ സംസ്‌കാര ചടങ്ങുകൾക്ക് പോയത്. യുവത്വം സന്നദ്ധത്തിനൊപ്പം വിവാഹം പോലും കഴിയാത്ത ആ മൂന്ന് കുട്ടികൾ ഇത്തരമൊരു സാഹസം ഏറ്റെടുത്ത് വന്നപ്പോൾ മാറി നിൽക്കാൻ മനസ് അനുവദിച്ചില്ല

- സന്ധ്യ നൈസൻ (മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)