team

തൃശൂർ: വീണ്ടും ഒരു മഴക്കാലമെത്തി. കാലവർഷത്തിന്റെ തുടക്കം മഴ ദുർബലമാണെങ്കിലും വരും ദിവസങ്ങളിൽ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇനിയൊരു ദുരന്തം വരുന്നതൊഴിവാക്കാൻ കരുതലുമായി കാത്തിരിക്കുകയാണ് ജില്ലയിലെ ഫ്ലഡ് ടീം. പ്രളയ ഭീതി നിലവിൽ ഇല്ലെങ്കിലും എത് സാഹചര്യത്തിലും രക്ഷ പ്രവർത്തനത്തിന് തയ്യാറാണ് ഈ കൂട്ടായ്മ. 2018 പ്രളയത്തിൽ രക്ഷാസൈന്യം ആയി എത്തിയ ഒരു കൂട്ടം സംഘമാണ് ഫ്ലഡ് ടീം.ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെയും ഉപദേശങ്ങളോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജനറൽ മാനേജർ രവിചന്ദ്രൻ മാർഗനിർദേശങ്ങളോടെ ആണ് ഫ്ലഡ് ടീമിന്റെ പ്രവർത്തനം. പ്രളയ സമയത്ത് ഇവർ നടത്തിയ പ്രവർത്തനം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു. റെസ്‌ക്യു മുതൽ റിലീഫ് വരെ റെസ്‌ക്യു മുതൽ റിലീഫ് വരെ എന്നതാണ് പ്രവർത്തന രീതി. 90 അംഗങ്ങളിൽ 35 പേരും പെൺകുട്ടികളാണ് എന്നതാണ് പ്രത്യേകത. ബിരുദവും ബിരുദാനന്തര ബിരുദമുള്ളവരും അടക്കം പല മേഖലയിൽപ്പെടുന്നവരിൽ 18 മുതൽ 50 വയസ് ഉള്ളവർ വരെ ഫ്ലഡ് ടീമിൽ അംഗങ്ങളാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. ഫ്ലഡ് ടീം എന്നാണ് പേരെങ്കിലും മറ്റ് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും സജീവമാണ് ഈ കൂട്ടം.

കൊവിഡിനെ തുരത്താനും രംഗത്ത്

കൊവിഡിനെ തുരത്താനും മുന്നണി പോരാളികളായി ഇവർ രംഗത്തുണ്ട്. ജില്ലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് മുതൽ കർമ്മനിരതരാണ്. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ കൊവിഡ് വാർ റൂമിന്റെ പ്രവർത്തനം ഫ്ലഡ് ടീം ഏറ്റെടുത്തിട്ട് അമ്പത് ദിവസം പിന്നിട്ടു. ഒന്നാം തരംഗത്തിലും വാർ റൂമിന്റെ ചുമതല ഇവർക്ക് തന്നെയായിരുന്നു. 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് വാർ റൂം. ഇവിടെ വരുന്ന ഫോൺകാളുകൾക്ക് സർക്കാർ നിർദ്ദേശ പ്രകാരമുള്ള കൃത്യമായ മറുപടിയാണ് ടീം അംഗങ്ങൾ നൽകുന്നത്. ജില്ലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ ബോധവത്കരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും ശക്തൻ സ്റ്റാൻഡിലും റെയിൽവേസ്റ്റേഷനിലും നോട്ടീസ് പതിക്കുന്നതിനും മുന്നിട്ടറങ്ങി. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുമായി അവസാന ട്രെയിൻ വരുന്നതുവരെ ഒരാഴ്ചയോളം ഏഴോളം വളണ്ടിയേഴ്‌സ് ടീം പ്രവർത്തകരോടൊപ്പം സ്‌ക്രീനിംഗ് പ്രവർത്തിയിൽ പങ്കാളികളായി. നഗരത്തിലെ മാർക്കറ്റുകളിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ നടപ്പാക്കുന്നതിൽ ഫ്ലഡ് ടീം നടത്തിയ പ്രവർത്തനം ശ്രദ്ധേയമാണ്. വിദേശത്ത് നിന്ന് വരുന്നവർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുക, അവരുടെ ക്വാറന്റീൻ ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളിലും ഇവർ പ്രവർത്തിക്കുന്നു. തൃശൂർ പൂരത്തോടനബന്ധിച്ച് തേക്കിൻക്കാട് മൈതാനത്തിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള അഗ്‌നിശമന രക്ഷാ ഉപകരണം പെയിന്റ് ചെയ്ത് സംരക്ഷിക്കാൻ ദിവസങ്ങളോളം പ്രയത്‌നിച്ചു.


കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഫ്‌ളഡ് ടീം നടത്തുന്ന പ്രവർത്തനം നാടിന് മാതൃകയാണ്. ഇത്തരം സന്നദ്ധ പ്രവർത്തകർ ആണ് നാടിനെ നന്മയിലേക്ക് നയിക്കുന്നതിൽ പ്രധാൻ പങ്ക് വഹിക്കുന്ന്.

എസ്.ഷാനവാസ്,

ജില്ലാ കളക്ടർ

ഞങ്ങളുടെ പ്രവർത്തനത്തിന് ജില്ലാ ഭരണകൂടവും പ്രത്യേകിച്ച് ജില്ലാ കളക്ടറും നൽകിയ പ്രോത്സാഹനവും പിന്തുണയുമാണ് മുന്നോട്ട് പോകാൻ ഞങ്ങൾക്ക് പ്രേരണയായത്

എൻ.ആർ.രവിചന്ദ്രൻ