തൃശൂർ: ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും സംബന്ധിച്ച പഠന റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ താഹസിൽദാർമാരും വിദഗ്ദ്ധ സംഘവും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻജിനിയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അനിൽ രാജഗോപാലും സംഘവുമാണ് റിപ്പോർട്ട് തയ്യാറാക്കി അവതരിപ്പിച്ചത്. ആശുപത്രികളിലെ സുരക്ഷാ സജ്ജീകരണങ്ങൾ, വൈദ്യുതീകരണം, ഓക്‌സിജൻ ലഭ്യത തുടങ്ങിയ വിഷയങ്ങൾ മുൻനിറുത്തിയായിരുന്നു പഠനം. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ആശുപത്രികളിലെ സുരക്ഷാ ക്രമീകരണങ്ങളിലെ കുറവുകൾ പരിഹരിക്കുന്നതിന് മുൻഗണനാക്രമത്തിൽ കൃത്യമായ പദ്ധതിയുണ്ടാക്കി നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ. റീന, ഫയർ ആൻഡ് സ്റ്റേഫി ഓഫീസർ അരുൺ ഭാസ്‌കർ, ജില്ലാ വികസന കമ്മീഷൻ അരുൺ കെ. വിജയൻ, അസി. കളക്ടർ സുഫിയാൻ അഹമ്മദ്, ഐ.എം.എ പ്രതിനിധി ഡോ.ജോയ് മഞ്ഞില, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ പ്രതിനിധി ഡോ. കെ.എം. മോഹൻദാസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.