ചേർപ്പ്: വീടിനോട് ചേർന്ന സ്ഥലത്ത് നന്മയുടെ കൃഷിപാഠം ഒരുക്കി മാതൃക തീർക്കുകയാണ് സഹോദരങ്ങളായ ആകാശ് കൃഷ്ണയും, അഖിൽ കൃഷ്ണയും. ലോക് ഡൗൺ കാലത്ത് ഓൺലൈൻ പഠനത്തോടൊപ്പം വീട്ടിലെ ചെറിയ കൃഷിയിടത്തിൽ കൂടി സജീവമാകുകയാണ് ഈ സഹോദരങ്ങൾ. ജൈവ രീതിയിൽ കൃഷിയിറക്കിയ പയർ, തക്കാളി, വെണ്ട, മത്തൻ, ചിരക്ക, പച്ചമുളക്, പേരക്ക തുടങ്ങിയവ കഴിഞ്ഞ ദിവസം വിളവെടുത്തിരുന്നു.
രാവിലെയും വൈകീട്ടും കൃഷി കാര്യങ്ങളിൽ സജീവമാകുന്ന സഹോദരങ്ങൾ പഠനത്തിലും കലാ പ്രവർത്തനങ്ങളിലും മിടുക്കരാണ്. വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ കലാമത്സരങ്ങളിൽ ആകാശ് കൃഷ്ണയ്ക്ക് ലളിതഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
ചേർപ്പ് പടിഞ്ഞാറെ പെരുമ്പിള്ളിശേരി വീട്ടിൽ സുന്ദരൻ - രചന ദമ്പതികളുടെ മക്കളായ ഇരുവരും ചേർപ്പ് സി.എൻ.എൻ ബോയ്‌സ് ഹൈസ്‌കൂളിലെ ഏഴ്, മൂന്ന് ക്ലാസുകളിലെ വിദ്യാർത്ഥികളാണ്. വീട്ടിൽ കൂടുതലായി ഉണ്ടാകുന്ന പച്ചക്കറികളുടെ പരിപാലനവും പൂർണമായും നിർവഹിക്കുന്നത് ആകാശും അഖിലുമാണെന്ന് പിതാവ് പി.ബി. സുന്ദരൻ പറയുന്നു. കൂടുതൽ പച്ചക്കറിയിനങ്ങൾ ഉത്പാദിപ്പിക്കാനുള്ള സജീവ ശ്രമത്തിൽ കൂടിയാണ് ഇവർ.
സ്‌കൂളിൽ പോകാനാകതെ ലോക് ഡൗണിലായ സമീപത്തെ കൂട്ടുകാരും ആകാശിന്റെയും അഖിലിന്റെയും കൃഷിയിടത്തിലെ സന്ദർശകരാണ്. നൃത്തരംഗത്തും സഹോദരങ്ങൾ സജീവമാണ്. സി.എൻ.എൻ സ്‌കൂൾ കെ.ജി. വിഭാഗം അദ്ധ്യാപികയായ അമ്മ രചനയുടെ ശിക്ഷണവും നൃത്ത സംഗീത രംഗത്ത് കുട്ടികൾക്് തുണയാകുന്നുണ്ട്.