കൊടകര: കൊവിഡിനെ നേരിടാൻ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുമായി കൊടകര പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെന്റർ പ്രവർത്തനം തുടരുന്നു. മനക്കുളങ്ങര കൃഷ്ണവിലാസം യു.പി സ്‌കൂളിലാണ് 30 കിടക്കകളുമായി സെന്റർ പ്രവർത്തിക്കുന്നത്. സുമനസ്സുകളുടെ സഹായം കൂടിയായപ്പോൾ ഡി.സി.സി സൂപ്പർ സ്‌പെഷ്യാലിറ്റി തലത്തിലേക്ക് ഉയർന്നു.
കൊടകര സഹൃദയ എൻജിനിയറിങ് കോളേജ് സെന്ററിലേക്കാവശ്യമായ കട്ടിലുകൾ നൽകി. ഈമാസം മൂന്നു മുതലാണ് ഡി.സി.സി പ്രവർത്തനമാരംഭിച്ചത്. നിലവിൽ 18 രോഗികളാണ് സെന്ററിലുള്ളത്. കൊടകര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ് നെല്ലിശ്ശേരി, പഞ്ചായത്ത് അംഗം ടി.കെ. പത്മനാഭൻ എന്നീ ജനപ്രതിനിധികൾക്കാണ് ഡി.സി.സിയുടെ ചുമതല നൽകിയിരിക്കുന്നത്. പതിനെട്ടാം വാർഡിലെ സന്നദ്ധ പ്രവർത്തകർ, ആശാ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ അടങ്ങിയ സംഘവും ഇവരുടെ നിരീക്ഷണത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഇവർക്കൊപ്പം ആർ.ആർ.ടി പ്രവർത്തകരും കൂട്ടിനുണ്ട്.
ഭക്ഷണം ഉണ്ടാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കർഷകരും കച്ചവടക്കാരും പച്ചക്കറികളും പലചരക്കും മറ്റും നൽകി അടുക്കള സമൃദ്ധമാക്കുന്നു. ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി നൽകാൻ മനക്കുളങ്ങര ഗ്രാമീണ വായനശാല പ്രസിഡന്റ് ഇ.എൽ. പാപ്പച്ചൻ, ജോയിന്റ് സെക്രട്ടറി പ്രമീള തങ്കപ്പൻ, ലൈബ്രേറിയൻ, റോസിലി പാപ്പച്ചൻ എന്നിവരും കർമ്മനിരതരായി രംഗത്തുണ്ട്.
വീട്ടുകാരുമായി ബന്ധപ്പെടാൻ ഫോൺ സൗകര്യവും രോഗം മാറി തിരികെ പോകുമ്പോൾ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി രജിസ്റ്ററും ഡി.സി.സിയിൽ സൂക്ഷിച്ചിരിക്കുന്നു. നെഗറ്റീവ് ആയവരെ വീട്ടിൽ എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡി.സി.സി പരിസരത്ത് അഞ്ചു വാഹനങ്ങളുടെ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. പോസിറ്റീവ് രോഗികളെ വീടുകളിൽ നിന്ന് ഇവിടെ എത്തിക്കുന്നതിനും മതിയായ ചികിത്സാ ആവശ്യമുള്ളവരെ ആശുപത്രികളിൽ എത്തിക്കുന്നതിനും ഈ വാഹനങ്ങൾ ഉപയോഗിച്ച് വരുന്നു.
ഡി.സി.സി ചുമതലയുള്ള ഡോക്ടർ സംഗീത, ഹെൽത്ത് ഇൻസ്‌പെക്ടർ ജോബി, ആരോഗ്യ പ്രവർത്തകർ എന്നിവർ ദിവസേന രോഗികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. രണ്ട് ആർ.ആർ.ടി വളണ്ടിയർമാർ ഇവിടെ സ്ഥിരം താമസിച്ച് രോഗികളെ നിരീക്ഷിച്ചു വരുന്നു. മൂന്ന് ഷിഫ്റ്റുകളിലായി രണ്ട് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കായി എത്തുന്നുണ്ട്. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, ശ്വസന ഉപകരണങ്ങൾ, പ്രതിരോധ ഉപാധികൾ എന്നിവയും ഇവിടെ ലഭ്യമാക്കുന്നു.
.........................
40 ലക്ഷം രൂപയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.
അമ്പിളി സോമൻ (പഞ്ചായത്ത് പ്രസിഡന്റ്)