പുതുക്കാട്: ലോക്ക്ഡൗണിൽ വെള്ളിയാഴ്ച മാത്രം നൽകിയ ഇളവിൽ പുതുക്കാട് അങ്ങാടിയിൽ ജനതിരക്ക്. കൂടുതൽ കടകൾ തുറക്കാൻ അനുമതി നൽകിയതോടെയാണ് തിരക്ക് കൂടിയത്. സാമൂഹിക അകലം പാലിക്കാതെയാണ് പല കടകളിലും ആളുകൾ നിന്നിരുന്നത്. തുണിക്കടകളിലും മൊബൈൽ ഷോപ്പിലുമായിരുന്നു ഏറെ തിരക്ക് അനുഭവപ്പെട്ടത്.
ഇത്രയും ദിവസം അടച്ചിട്ടിരുന്ന ബസാർ റോഡ് വെള്ളിയാഴ്ച രാവിലെ തുറന്നിരുന്നു. വാഹനങ്ങൾ നിയന്ത്രിക്കാൻ കഴിയാതായതോടെ ബസാർ റോഡ് പൊലീസ് അടച്ചു. കണ്ടെയ്ൻമെന്റ് സോണായ ബസാർ റോഡിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു തിരക്ക്. സെക്ടറൽ മജിസ്‌ട്രേറ്റിന്റെയും ആരോഗ്യ, പൊലീസ് വിഭാഗത്തിന്റെയും പരിശോധന തുടർന്നെങ്കിലും തിരക്കിന് ശമനമുണ്ടായില്ല. പുതുക്കാട് മണ്ഡലത്തിലെ പ്രധാന കച്ചവട മേഖലകളിലും വൻ തിരക്കനുഭവപ്പെട്ടു.