പുതുക്കാട്: ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ പുതുക്കാട് മണ്ഡലം തല അവലോകന യോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന് യോഗത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. മണ്ണിടിഞ്ഞു കിടക്കുന്ന കാനകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കാനും വഴിയിടങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവർക്ക് ആശ്രയമൊരുക്കാനും എം.എൽ.എ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. എല്ലാ പഞ്ചായത്തുകളുടെയും ദുരന്ത സാധ്യതാ ഭൂപടം തയ്യാറാക്കി ദുരന്ത അഘാതം ഏൽക്കാനിടയുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് നോഡൽ ഓഫീസർ പി.ആർ. അജയഘോഷ് പഞ്ചായത്ത് അധികൃതരോട് നിർദ്ദേശിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.