ചാലക്കുടി: മത്സ്യ വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ചാലക്കുടി മാർക്കറ്റ് അടിച്ചിട്ട് ശുചീകരിച്ചു. മാർക്കറ്റ് മൊത്തമായി അടച്ചിടുന്ന അവസ്ഥ തുടരേണ്ടതില്ലെന്ന് ഇന്നലെ വൈകീട്ട് നഗരസഭ തീരുമാനിച്ചു. വെള്ളിയാഴ്ചയിലെ ആന്റിജൻ പരിശോധനയിൽ രോഗ വ്യാപനം ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടികൾ ഒഴിവാക്കിയത്. അതിനാൽ ശനി, ഞായർ ദിവസങ്ങളിൽ അവശ്യ കടകൾ തുറന്നു പ്രവർത്തിക്കും.

മുഴുവൻ വ്യാപാരികൾക്കും തൊഴിലാളികൾക്കും കൊവിഡ് പരിശോധന നടത്തി. 120 ആന്റിജൻ പരിശോധനയിൽ 5 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കുറേ പേർക്ക് അർ.ടി.പി.സി.ആർ പരിശോധനയും നടന്നിട്ടുണ്ട്.

ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലാണ് ചന്തയും മാർക്കറ്റ് റോഡും അണുമുക്തമാക്കിയത്. ശുചീകരണ പ്രവൃത്തികൾ നിരീക്ഷിക്കുന്നതിന് നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. പോൾ എന്നിവർ സ്ഥലത്തെത്തി. മത്സ്യ വ്യാപാരി സാബുവാണ് കഴിഞ്ഞ ദിവസം കൊവിഡ് വ്യാപിച്ച് മരിച്ചത്. ഇതിനിടെ മാംസ സ്റ്റാളിലും ഏതാനും പേരിൽ വൈറസ് ബാധ കണ്ടെത്തിയിരുന്നു.