ചാലക്കുടി: മാലിന്യവിമുക്ത കൊരട്ടി എന്ന ലക്ഷ്യം മുൻനിറുത്തി പഞ്ചായത്ത് ആരംഭിച്ച ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയുടെ ഭാഗമായി സ്‌നേഹ മരം, ഓർമ്മ മരം സംരംഭത്തിന് തുടക്കമായി. പഞ്ചായത്തിൽ ജനിക്കുന്ന നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും പഞ്ചായത്തിലെ നവദമ്പതികൾക്കും രണ്ട് ഔഷധ സസ്യങ്ങൾ നൽകുന്നതാണ് സ്‌നേഹമരം പദ്ധതി. അംഗൻവാടി വർക്കർമാർ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഇതിന് ഔഷധിയുടെ കൈത്താങ്ങുമുണ്ട്.
ഇനി മുതൽ പഞ്ചായത്ത് അതിർത്തിയിൽ 1300 ചതുരശ്ര അടി വീട് പണിയുവാൻ പെർമ്മിറ്റ് എടുക്കുന്നവർക്കും പഞ്ചായത്ത് പദ്ധതിയിലൂടെ തൈകൾ നൽകും. വീട് നിർമ്മാണം പൂർത്തീകരിച്ച് നമ്പർ ഇടാൻ വരുമ്പോൾ ഈ തൈകൾ നട്ട് പരിപാലിച്ച ചിത്രം കൂടി ആലേഖനം ചെയ്താൽ മാത്രമേ വീട് നമ്പർ പ്രക്രിയ പൂർത്തിയാവുകയുള്ളൂ. 21 ഇനം ഔഷധസസ്യങ്ങൾ ആണ് തൊഴിലുറപ്പിന്റെ നഴ്‌സറിയിൽ പരിപാലിക്കുന്നത്. എല്ലാ വാർഡുകളിലും ഒരു സെന്റ് ഭൂമിയിൽ എങ്കിലും ഗ്രൂഹ ചൈതന്യം എന്ന പേരിൽ ഔഷധസസ്യത്തോട്ടം വച്ച് പിടിപ്പിക്കുന്ന പദ്ധതിയും പഞ്ചായത്ത് ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
സ്‌നേഹ മരത്തിന്റെ ഉദ്ഘാടനം ചിറങ്ങരയിലെ നവജാത ശിശുവിന്റെ മാതാ പിതാക്കളായ കരിമ്പനക്കൽ പ്രവീൺ കുമാർ നിതു എന്നിവർക്ക് തൈ നൽകി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.ആർ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ കുമാരി ബാലൻ, നൈനു റിച്ചു, ബ്ലോക്ക് മെമ്പർ സിന്ധു രവി, പഞ്ചായത്ത് അംഗങ്ങൾ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പി. സൗമ്യ എന്നിവർ സംസാരിച്ചു.