തൃശൂർ: പട്ടയഭൂമിയിൽ മരം മുറിക്കാൻ ലഭിച്ച പാസിന്റെ മറവിൽ നൂറുക്കണക്കിന് തേക്ക്, ഈട്ടിമരങ്ങൾ മുറിച്ചു മാറ്റിയ സംഭവം വിവാദമായതോടെ തലയൂരാനായി ഉദ്യോഗസ്ഥരുടെ നെട്ടോട്ടം. മരം കൊണ്ടുപോയ വൻകിട കച്ചവടക്കാരെ രക്ഷിക്കാനും തങ്ങൾക്കെതിരെ നടപടി ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി ആദിവാസികളെയും കർഷകരെയുമെല്ലാം പ്രതി ചേർക്കാനാണ് ശ്രമം. മരം കൊണ്ടുപോയ മുതലാളിമാർക്ക് മുൻകൂർ ജാമ്യമെടുക്കാൻ കുറുക്കുവഴികൾ ഉദ്യോഗസ്ഥർ പറഞ്ഞു കൊടുക്കുന്നുണ്ടെന്നാണ് വിവരം. കൂടുതൽ മരം മുറിച്ചു കടത്തിയ മച്ചാട് റേഞ്ചിൽ പലരേയും വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതായും പറയുന്നു. നിലവിൽ റേഞ്ചർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇത് കേസിൽ ഉൾപ്പെടാൻ സാദ്ധ്യതയുള്ള ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്.
മുറിച്ച് കടത്തി പിടിച്ചെടുത്തതെന്ന പേരിലെത്തിച്ച മരങ്ങളിലും കൃത്രിമമുണ്ട്. ഒരു വർഷത്തെ പഴക്കമെന്നാണ് സൂചിപ്പിക്കുന്നതെങ്കിലും അളവുകളിലും പഴക്കത്തിലുമുൾപ്പെടെ വ്യത്യാസമുണ്ടെന്നാണ് ആക്ഷേപം. ഉത്തരവ് ഇറക്കുകയും വിവാദമായപ്പോൾ പിൻവലിക്കുകയും ചെയ്ത ദിവസത്തിനുള്ളിൽ തന്നെ നടന്ന കാട്ടുകൊള്ള സമാനതകളില്ലാത്തതാണ്. വടക്കാഞ്ചേരി മച്ചാട് മേഖലയിൽ നിന്നും മുറിച്ചു കടത്തിയ മരങ്ങൾ നിലമ്പൂരിലെ മില്ലിൽ നിന്നും കണ്ടെത്തിയത് നിലമ്പൂർ ഫ്‌ളയിംഗ് സ്‌ക്വാഡായിരുന്നു. പക്ഷേ, ഇത് പുറത്ത് പറയരുതെന്നാണ് ജീവനക്കാർക്കിടയിലെ ധാരണ.
മച്ചാട് മേഖലയിൽ നിന്ന് മാത്രം അഞ്ഞൂറിലേറെ മരം മുറിച്ചു കടത്തിയെന്നാണ് കണ്ടെത്തൽ. റവന്യൂ ഭൂമിയിലെ മരംമുറിക്കുള്ള പാസിന്റെ മറവിൽ ജില്ലയിൽ നിന്ന് കടത്തിയത് അഞ്ചുകോടിയുടെ തേക്ക്, ഈട്ടി തടികളാണ്. പരാതി വ്യാപകമായതോടെ രണ്ട് ദിവസത്തിനുള്ളിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിലാണ് പൊങ്ങണംകാട് സ്റ്റേഷൻ പരിധിയിലെ ഈട്ടിത്തടികളുടെ കടമുറി ഭാഗങ്ങളും കണ്ടെത്തിയത്. ഉത്തരവ് റദ്ദാക്കിയ ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് മരം കൊണ്ടുപോകാൻ വീണ്ടും പാസ് നൽകിയത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മച്ചാട് റേഞ്ച് ഓഫീസർ കുഴഞ്ഞുവീണു മരിച്ച സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം മാന്ദാമംഗലം വനമേഖലയിൽ നിന്നും മരം മുറിച്ച് കടത്തിയ അന്വേഷണത്തിനിടെ പ്രതി ചേർക്കുന്നതിൽ ജീവനക്കാരും മേലുദ്യോഗസ്ഥരും തമ്മിൽ വലിയ വാഗ്വാദമുണ്ടായി. പാസ് അനുവദിച്ചത് വകുപ്പ് മേധാവിയാണെന്നിരിക്കെ ഇവർക്കെതിരെ പ്രേരണാകുറ്റം ചുമത്തണമെന്നാണ് പരാതി ഉയർന്നത്. ലോക്ക് ഡൗൺ കാലത്ത് എങ്ങനെ മരം കടത്താനായെന്ന മറുചോദ്യത്തിന് പക്ഷേ മറുപടി നൽകാനായിട്ടില്ല.