അന്നനാട്-ആറങ്ങാലി റോഡ് നവീകരണത്തിന്റെ നടപടികൾക്കായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തിയപ്പോൾ
കാടുകിറ്റി: ഒരു പ്രദേശത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ റോഡ് ഗതാഗത യോഗ്യമാക്കലിന് പരിഹാരമാകുന്നു. അന്നനാട് ആറങ്ങാലി റോഡിന്റെ ശോചനീയവസ്ഥക്കാണ് കാടുകുറ്റി പഞ്ചായത്തിന്റെ ഭരണ സമിതി പരിഹാരം കാണുന്നത്. വെളളക്കെട്ടും കുഴികളും മൂലം സഞ്ചാര യോഗ്യമല്ലാതെ കിടന്ന റോഡ് ഇക്കാലമത്രയും നാട്ടുകാരുടെ ശാപമായിരുന്നു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ബീന രവീന്ദ്രന്റേയും കാടുകുറ്റി പഞ്ചായത്ത് ഭരണ സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ ശക്തമായ ഇടപെടലാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
മുൻ എം.എൽ.എ ബി.ഡി. ദേവസ്സി റോഡ് നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും അന്നത്തെ ഭരണ സമിതി നിർമ്മാണ പ്രവർത്തനം ഏറ്റെടുത്തില്ല. തുടർന്ന് ബ്ലോക്ക് പഞ്ചായത്താണ് പ്രവൃത്തി എടുത്തത്. തുടർന്ന് ഗ്രാമപഞ്ചായക്കിൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഭരണ സമിതിയും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപടിക്രമങ്ങൾ വേഗത്തിലാക്കിയെങ്കിലും വാട്ടർ അതോറിറ്റിയുടെ ജൽ ജീവൻ പദ്ധതിക്ക് പിന്നേയും തടസ്സമായി. തുടർന്ന് വിവിധ ഇടങ്ങളിൽ റോഡ് തകരുകയും അന്നനാട് വായനശാലയ്ക്ക് സമീപം വലിയരീതിയിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. യാത്രാ യോഗ്യമല്ലാത്ത റോഡ് ബലപ്പെടുത്തുന്നതിന് എട്ട് ലക്ഷം രൂപ വാട്ടർ അതോറിറ്റി അനുവദിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ജനപ്രതിനിധികളായ ബീന രവീന്ദ്രൻ, വിമൽ കുമാർ, രാഖി സുരേഷ്, ലീന ഡേവീസ്, പി.കെ. ജേക്കബ്, മോളി തോമസ് എന്നിവരും ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു.