രണ്ട് ദിവസത്തിനകം പുനരാരംഭിക്കുമെന്ന് അധികൃതർ
തൃശൂർ: വാക്‌സിൻ ലഭ്യമല്ലാതായതിനെ തുടർന്ന് നിർത്തിവച്ച വാക്‌സിനേഷൻ ആരംഭിക്കാൻ രണ്ട് ദിവസം കൂടി കഴിയും. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വാക്സിൻ നൽകുന്നത് നിർത്തിവച്ചിരിക്കുന്നത്. അതേസമയം 14 മുതൽ ഈ മാസം അവസാനത്തിനുള്ളിൽ മൂന്നര ലക്ഷത്തോളം ഡോസ് വാക്‌സിൻ ലഭിക്കുമെന്നാണ് സംസ്ഥാന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നതെന്ന് ഡി.എം.ഒ പറഞ്ഞു. അങ്ങനെ വന്നാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു. നിലവിലെ ഒരാഴ്ച്ചക്കുള്ള ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. ഇത് പ്രകാരം വാക്‌സിൻ ലഭിച്ച ഉടനെ കുത്തിവെപ്പ് നടത്താൻ സാധിക്കും.കഴിഞ്ഞ ദിവസങ്ങളിൽ സ്ലോട്ട് ലഭിച്ചിട്ടും പല വാക്‌സിനേഷൻ കേന്ദ്രങ്ങളിലും വാക്‌സിനില്ലാതെ നിരവധി പേർക്ക് മടങ്ങിപ്പോകേണ്ടി വന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് രജിസ്‌ട്രേഷൻ നടക്കുന്നത്. വാക്‌സിന്റെ കുറവ് സംബന്ധിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അധികൃതർ അറിയിച്ചെങ്കിലും ഷെഡ്യൂളിംഗ് നിറുത്തരുതെന്ന നിർദ്ദേശമാണ് ലഭിച്ചത്. ദിവസേന 35,000 ഡോസ് വാക്‌സിൻ ലഭിച്ചാലേ നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകാനാകൂവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. കഴിഞ്ഞ കുറെ ദിവസമായി പതിനയ്യായിരത്തിൽ താഴെ പേർക്കുള്ള വാക്‌സിനാണ് ലഭിക്കുന്നത്. ഇതുവരെ 7,73,511 പേർക്ക് ആദ്യ ഡോസും 1,82,522 പേർക്ക് രണ്ടാം ഡോസും നൽകി കഴിഞ്ഞു. നിരവധി വിഭാഗങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവർക്കും പൂർണ്ണമായി നൽകാൻ സാധിക്കാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. ആരോഗ്യ പ്രവർത്തകർ, മുന്നണി പോരാളികൾ, 45 വയസിന് മുകളിലുള്ളവർ, 18 നും 44 നും ഇടയിൽ പ്രായമുള്ളവർ എന്നിങ്ങനെയാണ് വാക്‌സിനേഷൻ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ 40 നും 44 നും ഇടയിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ വിതരണം ചെയ്തത്. 18 വയസിന് മുകളിലുള്ളവരിൽ തന്നെ മുൻഗണന നിശ്ചയിച്ചാണ് വാക്‌സിൻ നൽകുന്നത്.
വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 117
മെഗാ ക്യാമ്പുകൾ രണ്ട്
വാക്‌സിനേഷൻ സമയം
രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്നു വരെ