antigen

തൃശൂർ: കൊവിഡ് ലക്ഷണമുള്ളവർക്ക് ആർ.ടി.പി.സി.ആർ പരിശോധനകൾക്ക് പകരം ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നത് കൂടുന്നു. കൃത്യമായ രോഗ വിവരം ലഭ്യമാകുക ആർ.ടി.പി.സി.ആർ പരിശോധനകളാണെന്നിരിക്കെയാണ് ആന്റിജൻ ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നത്. രോഗ വിവരം പെട്ടെന്ന് അറിയാനാകുമെന്നതാണ് ആന്റിജൻ പരിശോധനകളുടെ ഏക മേന്മ. ആർ.ടി.പി.സി.ആർ ടെസ്റ്റാണ് മികച്ച കൊവിഡ് പരിശോധനയായി സർക്കാർ തലത്തിൽ അംഗീകരിച്ചിട്ടുള്ളത്.

തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നവർക്ക് നിഷ്‌ക്കർഷിച്ചതും ആർ.ടി.പി.സി.ആറായിരുന്നു. അതേസമയം കൊവിഡ് പരിശോധനകളുടെ എണ്ണം കുറച്ചാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുത്തുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ആന്റിജൻ പരിശോധനകളും കൃത്രിമമായി പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നതും മൂലം വസ്തുനിഷ്ഠമായ വിവരങ്ങൾ ലഭ്യമാകാത്ത സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

കൊവിഡ് പരിശോധനകൾ കുറയ്ക്കുന്നു

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാനായി മിക്കപ്പോഴും കൊവിഡ് പരിശോധനകൾ കുറയ്ക്കുകയാണ്. രോഗ ലക്ഷണമുള്ളവരെ മാത്രമേ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുള്ളൂവെന്ന വിശദീകരണമാണ് ആരോഗ്യവകുപ്പ് നൽകുന്നത്. 7 ന് കൊവിഡ് രോഗികളുടെ എണ്ണം 925 ആയിരുന്നു. അന്ന് 5,961 പേരെ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. 6 ന് 9,954 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 1417 പേർക്കായി കൊവിഡ്. 11,698 സാമ്പിളുകൾ പരിശോധിച്ച ജൂൺ 5 ന് രോഗികൾ 1582 ആയി.

തിയതി, രോഗികളുടെ എണ്ണം, സാമ്പിളുകൾ , ആന്റിജൻ , ആർ.ടി.പി.സി.ആർ ക്രമത്തിൽ


ജൂൺ 6, 1417, 9954, 4564, 5220
ജൂൺ 7, 925, 5961, 2932, 2845
ജൂൺ 8, 1213, 8907, 5757, 2994
ജൂൺ 9, 1447, 10443, 6169, 4037
ജൂൺ 10, 1359, 9518, 5242, 4090

ആർ.ടി.പി.സി.ആർ ഫലം ലഭിക്കാൻ കൂടുതൽ സമയമെടുക്കും. മിക്കപ്പോഴും രോഗികളാണ് ആന്റിജൻ പരിശോധന തെരഞ്ഞെടുക്കുന്നത്. പ്രതിദിന കണക്കുകൾ ഇതെല്ലാം അടിസ്ഥാനമാക്കിയാണ്. ലക്ഷണമുള്ളവരെ മാത്രം ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മതിയെന്നാണ് ആരോഗ്യവകുപ്പ് ചട്ടം. ലക്ഷണമുള്ളയാൾക്ക് ആന്റിജൻ പരിശോധനയിൽ നെഗറ്റീവാണെങ്കിൽ അവരെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്.

ഡോ. കെ.ജെ റീന
ജില്ലാ മെഡിക്കൽ ഓഫീസർ