കൊടുങ്ങല്ലൂർ: മദ്ധ്യപ്രദേശിൽ മരിച്ച ജൈവകാർഷിക വിദഗ്ദ്ധൻ പത്മശ്രീ തച്ചേരിൽ ഗോവിന്ദൻ കുട്ടി മേനോൻ എന്ന ടി.ജി.കെ മേനോൻ കൊടുങ്ങല്ലൂരിന്റെ അഭിമാനം. ലോകമലേശ്വരം എലന്തക്കൽ നാരായണൻകുട്ടി മേനോന്റെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. 1940ൽ ജനിച്ച ഗോവിന്ദൻ കുട്ടി മേനോൻ അന്നത്തെ ശൃംഗപുരം ബോയ്‌സ് ഹൈസ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഉദ്യോഗാർത്ഥം അദ്ദേഹം പിന്നീട് വടക്കെ ഇന്ത്യയിലേക്ക് പോകുകയായിരുന്നു. കസ്തൂർബാ ഗാന്ധി സ്ഥാപിച്ച ഇൻഡോറിലെ കസ്തൂർബാഗ്രാമിന്റെ ഡയറക്ടറായിരുന്നു. കസ്തൂർബാ ഗ്രാമിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ ജലസേചനവും കൃഷിരീതികളും അവതരിപ്പിച്ച് ശ്രദ്ധേയനായി. ഇന്ത്യയിൽ ബയോ ഡൈനാമിക് കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം മികച്ച സംഭാവന നൽകിയിട്ടുണ്ട്.
1989 ൽ ജംനലാൽ ബജാജ് അവാർഡും, 1991 പത്മശ്രീ പുരസ്‌കാരവും തേടിയെത്തി. ഇന്ദിരാ പ്രിയദർശിനി വികാസ് മിത്ര അവാർഡ്, ലാൽബഹദൂർ ശാസ്ത്രി സ്മാരക അവാർഡ്, ഇന്ദിരാഗാന്ധി സമാജ് സേവ പുരസ്‌കാരം, ഭൂമി പുത്ര പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
കുട്ടി മേനോൻ എന്ന പേരിലാണ് ടി.ജി.ആർ മേനോൻ അറിയപ്പെട്ടിരുന്നത്. കസ്തൂർബാ ഗ്രാമിൽ നിന്നും വിരമിച്ച ശേഷവും അദ്ദേഹം ജൈവ കാർഷിക രംഗത്ത് സജീവമായിരുന്നു. ഇൻഡോർ നഗരത്തിൽ തന്റെ വീടിന് ചുറ്റും മേനോൻ ഒരുക്കിയ ജൈവോദ്യാനം ഏറെ ശ്രദ്ധയാകർഷിക്കുന്നതാണ്. രണ്ടായിരത്തോളം സസ്യങ്ങളാണ് ഇവിടെ നട്ടുവളർത്തിയിരുന്നത്.
നാൽപ്പത്തിനാല് ഡിഗ്രി താപനിലയുള്ള വേനൽക്കാലത്ത് പോലും എ.സിയില്ലാതെ കഴിയാവുന്നത്ര പ്രകൃതി സൗഹൃദമായിരുന്നു അദ്ദേഹത്തിന്റെ വീട്. ജീവിതാവസാനം വരെ അദ്ദേഹം മണ്ണിനെ പ്രണയിച്ചു, മണ്ണ് അദ്ദേഹത്തെയും. രാജ്യം പത്മ പുരസ്‌ക്കാരം നൽകി ആദരിച്ച പ്രതിഭയ്ക്ക് പക്ഷെ ജൻമനാട് അർഹിക്കുന്ന അംഗീകാരം നൽകിയില്ല. അംഗീകാരം ചോദിച്ചു വാങ്ങാൻ തയ്യാറുമല്ലായിരുന്നു അദ്ദേഹം.
വിശേഷാവസരങ്ങളിൽ നാട്ടിൽ വന്നു മടങ്ങുന്നയാളായിരുന്നു തച്ചേരിൽ ഗോവിന്ദൻ കുട്ടി മേനോൻ. അന്നൊന്നും നാടിന് പത്മശ്രീ നേടിക്കൊടുത്ത വ്യക്തിത്വത്തെ ആരും തിരിച്ചറിഞ്ഞതുമില്ല.