ചാലക്കുടി: പേരാമ്പ്ര അപ്പോളോ ടയേഴ്‌സ്, ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മൂന്നു ലക്ഷം രൂപ വില വരുന്ന ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റുകൾ നൽകി. ആർ.ടി.പി.സി.ആർ മെഷിൻ ആഴ്ചകൾക്ക് മുമ്പ് ആശുത്രിയിൽ ലഭിച്ചിരുന്നെങ്കിലും ടെസ്റ്റ് കിറ്റില്ലാത്തതിനെ തുടർന്ന് പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജ, സീനിയർ ഗ്രേഡ് ലാബ് ടെക്‌നീഷ്യൻ മിനി പൗലോസ് എന്നിവർ ഇക്കാര്യം അപ്പോളോ ടയേഴ്‌സിനെ അറിയിച്ചത്. ഇതേത്തുടർന്ന് കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നും ടെസ്റ്റ് കിറ്റ് നൽകുകയായിരുന്നു. സനീഷ് കുമാർ ജോസഫ് എം.എൽ.എ കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. പോൾ, വാർഡ് കൗൺസിലർ വി.ജെ. ജോജി, ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജ എന്നിവരും സന്നിഹിതരായി.