മാള: തിരിച്ചടികളിൽ നിന്ന് പാഠം പഠിക്കാത്ത കോൺഗ്രസ് നേതൃത്വത്തിലെ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് പോര് അന്നമനടയിൽ പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസിന് ഭൂരിപക്ഷം നൽകിയ ഏക മണ്ഡലമായ അന്നമനടയിലെ പ്രസിഡന്റിനെ നീക്കിയതാണ് ഇപ്പോഴത്തെ പ്രശ്നം.

മണ്ഡലം പ്രസിഡന്റായിരുന്ന എം.യു കൃഷ്ണകുമാറിനെ മാറ്റി ജില്ലാ പഞ്ചായത്ത് മുൻ അംഗമായ അഡ്വ. നിർമ്മൽ സി.പാത്താടനെയാണ് നിയമിച്ചിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാർച്ച് 16ന് ഈ മാറ്റം സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് കത്ത് നൽകിയിരുന്നു.

കത്തിനെ അടിസ്ഥാനമാക്കിയുള്ള മാറ്റം ഇപ്പോൾ നടന്നില്ലെങ്കിൽ ഇനി നടപ്പാക്കേണ്ടവർ പുനഃസംഘടന വരുമ്പോൾ ഉണ്ടാകുമോയെന്ന സംശയമാണ് ഈ നീക്കത്തിന് പിന്നിലെന്നും സൂചനയുണ്ട്. നിലവിൽ ഐ വിഭാഗക്കാരനായ എം.യു കൃഷ്ണകുമാറിനെ മാറ്റി അതേ ഗ്രൂപ്പുകാരനായ നിർമ്മൽ വരുന്നത് ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പിന്റെ ശക്തി പ്രകടനമായാണ് വിലയിരുത്തുന്നത്. തുടർച്ചയായി രണ്ട് തവണ പഞ്ചായത്ത് അംഗമായിട്ടുള്ള കൃഷ്ണകുമാറിന് മറ്റൊരു ചുമതലയും നൽകാതെയാണ് നീക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലീഡ് നൽകാൻ നേതൃത്വം നൽകിയ എം.യു കൃഷ്ണകുമാറിനെ മാറ്റിയതിനെതിരെ പരാതികൾ ശക്തമായിട്ടുണ്ട്. ഇതിനെതിരെ കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസ് പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. മുൻ എം.എൽ.എ ടി.യു രാധാകൃഷ്ണനെ ഉന്നം വച്ചുള്ള നീക്കമാണ് ശ്രീനിവാസ് നടത്തുന്നതെന്നും ആരോപണമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ മോഹിച്ച് പരസ്പരം വെട്ടി തീർന്നവരാണ് ഇരുവരും.

30 വർഷമായി തൃശൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ശ്രീനിവാസ് സീറ്റ് മോഹവുമായി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മണ്ഡലത്തിൽ ചിലർക്കൊപ്പം പ്രത്യക്ഷപ്പെട്ട് പരിപാടികളിൽ പങ്കെടുക്കുകയായിരുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. എന്നാൽ സഹകരണ ബാങ്കുകളിലെ നിയമനം സംബന്ധിച്ചുള്ള ക്രമക്കേടുകൾ പൊതുജനങ്ങൾക്ക് മുമ്പിൽ തുറന്നു കാണിക്കുമെന്ന് സി.എസ് ശ്രീനിവാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളി ഉയർത്തിയിരുന്നു.

എം.യു കൃഷ്ണകുമാർ അനുകൂലികൾ പാർട്ടി നേതൃത്വത്തെ സമീപിച്ചതായും അറിയുന്നുണ്ട്. രമേശ് ചെന്നിത്തല, ബെന്നി ബെഹ്നാൻ അടക്കമുള്ളവരുമായി നേതാക്കൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഐ ഗ്രൂപ്പിനുള്ളിലെ തർക്കമാണെങ്കിലും എ ഗ്രൂപ്പുകാർ എം.യു കൃഷ്ണകുമാറിനെയും ശ്രീനിവാസനെയും അനുകൂലിക്കുന്നവരാണ്. ടി.യു രാധാകൃഷ്ണനെതിരെ കിട്ടിയ ആയുധം ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിനെ കൂടി ചേർത്ത് നിറുത്തി പ്രയോഗിക്കാനാണ് മാളയിലെ എ ഗ്രൂപ്പുകാർ ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. അന്നമനട വിഷയത്തിൽ എം.യു.കൃഷ്ണകുമാർ അടക്കമുള്ള ചിലർ പാർട്ടി വിടാനും ആലോചിക്കുന്നതായി സൂചനയുണ്ട്.

കഴിഞ്ഞ മാർച്ച് മാസത്തിൽ അന്നമനട മണ്ഡലം പ്രസിഡന്റിനെ നീക്കി പകരം നിയമനം നടത്തി കത്ത് നൽകിയിട്ടുള്ളതാണ്. ആ കത്ത് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. തിരഞ്ഞെടുപ്പ് കാരണം പുതിയ പ്രസിഡന്റ് ചുമതലയെടുക്കുന്നത് നീണ്ടുപോയതാകാം.

എം.പി വിൻസെന്റ്

ഡി.സി.സി പ്രസിഡന്റ്