വടക്കാഞ്ചേരി: സാധകം ഇല്ല, ഉഴിച്ചിൽ ഇല്ല, കൊട്ടും പാട്ടും ഇല്ല, ചൊല്ലിയാട്ടമില്ല... നേരം പുലരുമ്പോൾ മുതൽ സജീവമാകുന്ന കലാമണ്ഡലത്തിലെ കളരികൾ നിശബ്ദം. കലാ ഉപാസകരായ വിദ്യാർത്ഥികൾ ഈ സാഹചര്യത്തിൽ ക്ലബ് ഹൗസിൽ ഒത്തുകൂടി. കുടുത്ത പ്രതിഷേധമാണ് വിദ്യാർത്ഥികളിൽ നിന്നും ഉയർന്നത്.

സംസ്ഥാന സർക്കാർ നയപ്രകാരം ജൂൺ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ഓൺ ലൈൻ വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും കലാമണ്ഡലത്തിൽ പൂർണമായ രീതിയിൽ ആരംഭിക്കാനായിട്ടില്ല. വരാനിരിക്കുന്ന ഡിഗ്രി അവസാന വർഷ എം.എ പരീക്ഷയ്ക്ക് മുന്നൊരുക്കം ആരംഭിക്കണം. സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നു.

ഹരിതാഭമായ കാമ്പസിൽ വികസനത്തിന്റെ പേരിൽ കെട്ടിടങ്ങൾ നിർമ്മിക്കരുത്. സർക്കാരിൽ നിന്നും ലഭിച്ച ഫണ്ട് വിനിയോഗം ചെയ്തതു് സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് നടത്തണം. തുടങ്ങിയ ഗൗരവമേറിയ നിരവധി വിഷയങ്ങളാണ് ചർച്ചയിൽ ഉയർന്നു വന്നതു്. വിഷയങ്ങൾ സാംസ്‌കാരിക മന്ത്രി, കലാമണ്ഡലം വൈസ് ചാൻസലർ, ഭരണ സമിതി എന്നിവർക്ക് മുന്നിൽ സമർപ്പിക്കുമെന്ന് കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ ചെയർമാൻ കലാമണ്ഡലം ശ്രീനാഥ്, സെക്രട്ടറി കലാമണ്ഡലം ആഷിക് എന്നിവർ അറിയിച്ചു.