vaccine

തൃശൂർ: വാക്‌സിൻ കിട്ടാത്തതിനെ തുടർന്ന് നിറുത്തിയ വാക്‌സിനേഷൻ പുനരാരംഭിച്ചു. ശനിയാഴ്ച്ച മാത്രമാണ് വാക്‌സിനേഷൻ നിറുത്തിയത്. ഞായറാഴ്ച്ചത്തേക്ക് 19,380 ഡോസാണ് ലഭിച്ചത്. അടുത്ത ദിവസം മുതൽ കൂടുതൽ ഡോസ് ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷ.

ശനിയാഴ്ച്ച സ്‌ളോട്ട് ലഭിച്ചവർക്ക് പക്ഷേ ഇന്നലെ വാക്‌സിൻ എടുക്കാൻ അവസരം ലഭിച്ചില്ല. അവർക്ക് അടുത്ത ദിവസം റീ ഷെഡ്യൂൾ ചെയ്ത് അവസരം നൽകും. ഇന്നലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്കും നാൽപതിനും 44 നും ഇടയിൽ പ്രായമുള്ളവർക്കുമാണ് വാക്‌സിൻ നൽകിയത്. ഈ മാസം അവസാനത്തോടെ മൂന്നര ലക്ഷത്തോളം ഡോസ് വാക്‌സിൻ ലഭിക്കുമെന്നാണ് സംസ്ഥാന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നതെന്ന് ഡി.എം.ഒ പറഞ്ഞു.

അങ്ങനെ വന്നാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു. നിലവിൽ ഒരാഴ്ചയ്ക്കുള്ള ബുക്കിംഗ് പൂർത്തിയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്ലോട്ട് ലഭിച്ചിട്ടും കേന്ദ്രങ്ങളിൽ വാക്‌സിനില്ലാതെ നിരവധി പേർക്ക് മടങ്ങിപ്പോകേണ്ടി വന്നത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് രജിസ്‌ട്രേഷൻ നടക്കുന്നത്. വാക്‌സിന്റെ കുറവ് സംബന്ധിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അധികൃതർ അറിയിച്ചെങ്കിലും ഷെഡ്യൂളിംഗ് നിറുത്തരുതെന്ന നിർദ്ദേശമാണ് ലഭിച്ചത്.

ദിവസേന 35,000 ഡോസ് വാക്‌സിൻ ലഭിച്ചാലേ നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകാനാകൂ. കഴിഞ്ഞ കുറെ ദിവസമായി പതിനയ്യായിരത്തിൽ താഴെയേ വാക്‌സിൻ ലഭിക്കുന്നുള്ളൂ. ഇതുവരെ 7,79,047 പേർക്ക് ആദ്യ ഡോസും 1,83,326 പേർക്ക് രണ്ടാം ഡോസും നൽകി കഴിഞ്ഞു. നിരവധി വിഭാഗങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവർക്കും പൂർണ്ണമായി നൽകാൻ സാധിക്കുന്നില്ല. വിവിധ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവയ്ക്ക് പുറമേ ജവഹർ ബാലഭവനിലുമാണ് വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തിക്കുന്നത്.

വാക്‌സിൻ സ്വീകരിച്ചവർ

ആരോഗ്യപ്രവർത്തകർ

46,552
38,961

മുന്നണി പോരാളികൾ

37,581
24,270

45 ന് മുകളിൽ

6,15,554
1,19,760

18 -44 ന് ഇടയിൽ

79,360

335

ആകെ

7,79,047

1,83,326.