gvr-news-photo

ഗുരുവായൂർ: തൈക്കാട് - ചാട്ടുകുളം റോഡ് യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. തൈക്കാട് - ചാട്ടുകുളം റോഡിൽ നിന്നും ചാവക്കാട് - കുന്നംകുളം സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം തകർന്ന് കിടക്കുന്നതാണ് അപകട ഭീഷണിക്ക് ഇടയാക്കുന്നത്.

പാവറട്ടി കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ പൊളിച്ച റോഡ് പൊതുമരാമത്ത് വകുപ്പ് പിന്നീട് നന്നാക്കാതിരുന്നതാണ് അപകടങ്ങൾക്ക് കാരണം. റോഡ് തകർന്നതോടെ ചാട്ടുകുളം - തൈക്കാട് റോഡിൽ നിന്ന് ചാവക്കാട് - കുന്നംകുളം റോഡിലേക്ക് പ്രവേശിക്കുന്നത് സാഹസിക പ്രവൃത്തിയായി മാറിയിട്ടുണ്ട്.

സ്ത്രീകൾ അടക്കം പല ഇരുചക്ര വാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെയാണ് അപകടങ്ങളേറുന്നത്. ഏകദേശം ഒരു വർഷത്തിലധികമായി ഇവിടെ റോഡ് തകർന്ന് കിടക്കുന്നു.

മഴ ആരംഭിച്ചതോടെ കൂടുതൽ ശോചനീയ സ്ഥിതിയിലായിട്ടുണ്ട്. രണ്ട് റോഡുകളും പി.ഡബ്ലു.ഡിയുടെ അധീനതയിലുള്ള റോഡായിട്ടും അധികൃതർ കണ്ടഭാവം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.