കുന്നംകുളം: ലക്ഷങ്ങൾ ചെലവഴിച്ച് നഗരസഭ അടുപ്പുട്ടിയിൽ നിർമിച്ച ഗ്യാസ് ക്രിമറ്റോറിയം കൊവിഡ് കാലത്ത് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നില്ലെന്ന് ആക്ഷേപം. നഗരസഭാ പ്രദേശത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടക്കം മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള സംവിധാനം ഇല്ലാതെ നട്ടം തിരിയുമ്പോഴാണിത്.

പോർക്കുളം പഞ്ചായത്ത് ക്രിമറ്റോറിയത്തെയും കോട്ടപ്പടിയിലെ ഗുരുവായൂർ നഗരസഭാ ക്രിമറ്റോറിയത്തെയുമാണ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത്.
പുക പുറത്തേക്ക് വരുന്നുവെന്ന പരാതിയെ തുടർന്ന് ഈ മാസം എട്ട് മുതലാണ് ക്രിമറ്റോറിയം താത്കാലികമായി അടച്ചിട്ടത്. അതുവരെ യാതൊരു തകരാറും ഇല്ലാതെ ക്രിമറ്റോറിയം പ്രവർത്തിച്ചിരുന്നു. അടച്ചിട്ട ഗ്യാസ് ക്രിമറ്റോറിയത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ സാങ്കേതിക വിദഗ്ദ്ധരെ കൊണ്ടുവന്ന് പരിശോധന നടത്തിയിരുന്നുവെന്ന് ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ പറഞ്ഞു.
പുക പുറത്തേക്ക് വരുന്ന തകരാർ പരിഹരിച്ചിരുന്നു. എന്നാൽ ബർണറിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ലോക്ക് ഡൗൺ കാരണം സാങ്കേതിക വിദഗ്ദ്ധർക്ക് വരാനുള്ള ബുദ്ധിമുട്ടും നിലനിൽക്കുന്നുണ്ട്. സാങ്കേതിക തകരാർ പരിഹരിച്ച് ക്രിമറ്റോറിയം ജനങ്ങൾക്ക് എത്രയും പെട്ടന്ന് തുറന്നു കൊടുക്കുമെന്ന് നഗരസഭാ സെക്രട്ടറി ടി.കെ. സുജിത് വ്യക്തമാക്കി.