mazha

തൃശൂർ: ജില്ലയിൽ കാലവർഷം ശക്തമായി. ഇന്നലെ രാവിലെ മുതൽ ജില്ലയിൽ എല്ലായിടത്തും മഴ ലഭിക്കുന്നുണ്ട്. പെരിങ്ങോട്ടുകരയിൽ ഇന്ന് രാവിലെ ഉണ്ടായ കാറ്റിൽ തൃപ്രയാർ കിഴക്കേ നട പൈനൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന് മുന്നിലെ വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ ആൽമരം വീണു. ആൽമരം പതിച്ച് തൊട്ടടുത്ത ആമലത്ത് വസുമതിയുെട പറമ്പിലെ മാവ്, നാല് തെങ്ങ്, നിരവധി കവുങ്ങുകൾ, വാഴ എന്നിവയും ഒടിഞ്ഞു വീണു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ലോക്ക്ഡൗൺ ആയതിനാൽ ക്ഷേത്രത്തിലേക്ക് ഭക്തർ വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. തൊട്ടടുത്ത് വീടും ക്ഷേത്രം ഹാളും ഉണ്ടായിരുന്നെങ്കിലും അവിടേക്ക് വീഴാതിരുന്നതും നാശനഷ്ടങ്ങൾ ഒഴിവാക്കി.

പല സ്ഥലങ്ങളിലും കാറ്റ് നാശം വിതച്ചു. ഗ്രാമീണ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും മഴക്കാല പൂർവ്വ ശുചീകരണം പൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ നഗരത്തിലടക്കം പല സ്ഥലങ്ങളിലും വെള്ളം ഒഴുകി പോകുന്നതിന് തടസം നേരിടുന്നത് വെള്ളക്കെട്ടിന് ഇടയാക്കിയിട്ടുണ്ട്. അവണൂർ ശാന്ത ഹയർ സെക്കൻഡറി സ്‌കൂളിൽ എത്താനുള്ള പ്രധാന റോഡ് വെള്ളക്കെട്ടിലാണ്. റോഡിലേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം കാനകളിലേക്ക് തിരിച്ചു വിടാത്തതാണ് ജനങ്ങൾക്ക് ദുരിതമായത്. അത്താണി ഗ്രാമലയിൽ വൻമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞു വീണു. തൃശൂർ-ഷൊർണ്ണൂർ സംസ്ഥാന പാതയിലേക്കാണ് മരം വീണത്. സമ്പൂർണ്ണ ലോക്ക്ഡൗൺ ആയതിനാൽ വാഹനങ്ങളും ആളുകളും കുറവായതിനാൽ വലിയ അപകടം ഒഴിവായി. ജില്ലയിലെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപ് ഉണ്ടായ ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഡാമുകളിലെ ജലനിരപ്പ് ഉയർന്നിരുന്നു. ചിമ്മിനി ഡാം തുറക്കുകയും ചെയ്തിരുന്നു. പീച്ചി, വാഴാനി, പൂമല എന്നി ഡാമുകളിലും ജലനിരപ്പ് ഉയർന്നിരുന്നു.