മാള: സംസ്ഥാനത്ത് ആദ്യമായി പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ മൊബൈൽ ആപ്പ് വഴി നൽകുന്ന അന്നമനട പഞ്ചായത്ത് മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. പഞ്ചായത്തിന്റെ 40ഓളം സേവനങ്ങൾ മൊബൈൽ ആപ്പ് വഴി നൽകുന്ന ടച്ച് ഫോർ അന്നമനട പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിനാകെ നടപ്പാക്കാൻ കഴിയാത്ത സേവനമാണ് അന്നമനട പഞ്ചായത്ത് സ്വന്തമായി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് കാലഘട്ടത്തിൽ പഞ്ചായത്ത് ഓഫീസുകളിലേക്ക് എത്തിച്ചേരാൻ പൊതുജനങ്ങൾക്ക് പ്രയാസം നേരിടുന്നത് തിരിച്ചറിഞ്ഞാണ് സേവനം വിരൽ തുമ്പിലേക്ക് എത്തിച്ചിട്ടുള്ളതെന്നും, അതിന് നേതൃത്വം നൽകിയ പഞ്ചായത്തിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹ്നാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്, ടി.കെ സതീശൻ, സിന്ധു ജയൻ, കെ.എ ഇക്ബാൽ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.