തൃശൂർ: വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടുള്ള കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ 'വ്യാപാരികൾക്കും ജീവിക്കണം' എന്ന മുദ്രാവാക്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 'ശ്രദ്ധ ക്ഷണിക്കൽ സമരം'. എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, വ്യാപാരികളുടെ ബാങ്ക് വായ്പയ്ക്ക് പലിശരഹിത മോറട്ടോറിയം പ്രഖ്യാപിക്കുക, വ്യാപാരികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കുക, കൊവിഡ് കാലഘട്ടത്തിലും വിദേശ കുത്തകകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായാണ് ഏകോപന സമിതി ജില്ലാ കമ്മിറ്റി ഇരുന്നൂറ് കേന്ദ്രങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്.
40000 ലേറെ അംഗങ്ങൾ വീടുകളിൽ കുടുംബാംഗങ്ങളോടൊപ്പം സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അണിചേർന്നു. സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റിനു മുന്നിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ ജോർജ്ജ് കുറ്റിചാക്കു, ഡോ. എം. ജയപ്രകാശ്, വി.ടി. ജോർജ്ജ്, സീജോ ചിറക്കേക്കാരൻ, ബിജു എടക്കളത്തൂർ, ജോഷി തേറാട്ടിൽ, പ്രഹ്ലാദൻ എന്നിവർ പ്രസംഗിച്ചു.