മാള: അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കണമെന്നും അല്ലാത്ത പക്ഷം ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഉടമസ്ഥർക്ക് ബാധ്യതയുണ്ടെന്നും പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നത് ഒരു മുന്നറിയിപ്പാണ്. എന്നാൽ പൊതുസ്ഥലത്തെ മരം അപകടാവസ്ഥയിലാണെന്ന് കാണിച്ച് രണ്ട് വർഷമായി ഓഫീസുകൾ കയറിയിറങ്ങി പരാതി നൽകിയിട്ടും നടപടിയുണ്ടാകാതെ ഒടുവിൽ ആ മരം വീണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായാൽ എന്തുചെയ്യും. ഇങ്ങനെ ഒരു അവസ്ഥയിലാണ് അന്നമനടയിലെ സ്റ്റീഫൻ.
വഴിയോരത്ത് അപകടാവസ്ഥയിൽ നിന്നിരുന്ന മരം മുറിച്ചു നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതികളുമായി പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞു. അവർ അത് വനം വകുപ്പിനെ അറിയിക്കുകയും പരാതി ഫയലിൽ കിടന്നു വിശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് മരം കടപുഴകി വീണ് അഞ്ച് ലക്ഷത്തിന്റെ നഷ്ടം ഉണ്ടായത്. ഭക്ഷണ ശാല നടത്തുന്ന കടയുടെ മുകളിലേക്ക് മരം വീണാണ് വലിയ നഷ്ടം സംഭവിച്ചത്. ദീപക് എന്നയാൾ വാടകയ്ക്ക് എടുത്താണ് ഭക്ഷണ ശാല നടത്തുന്നത്. കെട്ടിടത്തിന് ഉണ്ടായിട്ടുള്ള നഷ്ടത്തിന് പരിഹാരം തേടി ഇനി ആരെ സമീപിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് കടയുടമ. നാട്ടിൽ ആർക്കും വേണ്ടാത്ത മരത്തിന് വലിയ വില നിശ്ചയിച്ച വനം വകുപ്പാണോ നടപടി സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പാണോ ഈ നഷ്ടത്തിന് ഉത്തരവാദിയെന്ന് ബന്ധപ്പെട്ടവർ ഉത്തരം നൽകുമെന്നാണ് സ്റ്റീഫന്റെ വിശ്വാസം. ലോക് ഡൗൺ കാരണം സ്ഥാപനത്തിൽ ആരും ഇല്ലാതിരുന്നത് വലിയൊരു ആശ്വാസമായാണ് കാണുന്നത്.