young-sculptor-anuraj

ചാവക്കാട്: കൊവിഡ് സൃഷ്ടിച്ച ഭീതിയെ സർഗാത്മകത കൊണ്ട് അതിജീവിക്കുകയാണ് യുവശിൽപ്പി അനുരാജ്. ചാവക്കാട് കടപ്പുറം ഗ്രാമ പഞ്ചായത്ത് ഇരട്ടപ്പുഴ പ്രസാദ് നഗറിൽ താമസിക്കുന്ന ചക്കാണ്ടൻ അറമുഖൻ - പ്രേമ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവനാണ് അനുരാജ്.

32 വയസുകാരനായ അനുരാജ് വിവാഹിതനും മൂന്ന് പെൺകുട്ടികളുടെ പിതാവുമാണ്. സഹോദരൻ ദിനുരാജിനൊപ്പം നിർമ്മാണത്തൊഴിലെടുത്ത് വരുന്നതിനിടെയാണ് ആദ്യ ലോക് ഡൗൺ എത്തിയത്. ലോക് ഡൗണിൽ വീട്ടിലിരുന്ന് മുഷിയുന്നതിനിടെ വീടുപണിക്ക് കൊണ്ടുവന്ന സിമന്റ് ഉപയോഗിച്ച് ഒരു അരയന്നം നിർമ്മിച്ചു.

നിർമ്മിതിക്ക് വീട്ടിലുള്ളവരുടെ പ്രശംസ കിട്ടിയതോടെ ചെടിച്ചട്ടി നിർമ്മാണത്തിലേക്ക് തിരിഞ്ഞു. ഇതിന് ആവശ്യക്കാരുമുണ്ടായിരുന്നു. പിന്നീട് വഞ്ചിയാണ് നിർമ്മിച്ചത്.

പിന്നീട് ചിത്രങ്ങൾ നോക്കി ആനപ്പുറം കയറിയ രാജാവ്, ശിവൻ, പാർത്ഥസാരഥി, കാളിയമർദ്ദനം തുടങ്ങീ അനേകം ശിൽപ്പങ്ങളും നിർമ്മിച്ചു. ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശിൽപ്പ നിർമ്മാണത്തിലാണ് അനുരാജ്. നിമിതയാണ് ഭാര്യ. ആരാധ്യ, നിവേദ്യ, ആദിലക്ഷ്മി എന്നിവർ മക്കളാണ്.