road-kuzhi

ചേലക്കര: നിലവാരം ഉയർത്തി നിർമ്മാണം പൂർത്തീകരിച്ച റോഡ് ആഴ്ചകൾ പിന്നിട്ടപ്പോഴേക്കും തകർന്നു തുടങ്ങി. മേപ്പാടം എളനാട് റോഡിൽ പുലാക്കോട് സെന്ററിന് സമീപമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴിയാകുന്നത്. ഇവിടെ പണിത കലുങ്കിന്റെ വശങ്ങളിലെ കരിങ്കൽ കെട്ടുകളും തള്ളിത്തുടങ്ങിയ നിലയിലാണ്.

കലുങ്കിനോട് ചേർന്ന് റോഡിന്റെ ടാർ ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. ഇവിടെ രൂപപ്പെട്ട കുഴി താത്കാലികമായി അടച്ചെങ്കിലും മറ്റു ഭാഗങ്ങളും ഇടിഞ്ഞു താഴുന്നുണ്ട്. വാഹനങ്ങൾ കൂടുതലായി ഓടുന്നതിന് മുമ്പേ റോഡ് ഇടിഞ്ഞ് താഴ്ന്നത് നിർമ്മാണത്തിലെ അപാകതയാണെന്നാണ് ആക്ഷേപം.

റോഡിന്റെ മറ്റു പലയിടത്തും ടാറിംഗ് ഇളകാൻ ഇതിനകം തുടങ്ങിയിട്ടുണ്ട്. മേപ്പാടം മുതൽ എളനാട് വരെയുള്ള റോഡ് രണ്ട് മാസം മുമ്പാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഒരു കിലോമീറ്ററിന് ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പണിയേണ്ട റോഡിൽ വ്യാപക ക്രമക്കേടുകളുണ്ടെന്ന് നിർമ്മാണ സമയത്ത് തന്നെ ആക്ഷേപം ഉയർന്നിരുന്നു.

നാട്ടുകാരും വഴിയാത്രക്കാരും ചില ജനപ്രതിനിധികളും ഉയർത്തിയ പരാതി ചെവി കൊള്ളാതെയാണ് നിർമ്മാണം നടത്തിയത്. നിർമ്മാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.