തൃശൂർ: വിവാദ ഉത്തരവ് മറയാക്കി തൃശൂരിൽ നിന്ന് മുറിച്ച് കടത്തിയ തേക്ക് മരങ്ങൾ പാലക്കാട് ജില്ലയിലെ വിവിധ മില്ലുകളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. 30 ക്യുബിക് മീറ്റർ വലിപ്പമുളള മരങ്ങളാണിവ. തൃത്താല, വടക്കഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് കോടികൾ വിലവരുന്ന തേക്കും ഈട്ടിയും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഫർണിച്ചർ നിർമ്മാണത്തിനായി മുറിച്ച് സൂക്ഷിച്ചിരുന്ന ഉരുപ്പടികളും പിടികൂടി. എൺപതിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അമ്പതോളം കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
വടക്കാഞ്ചേരി, പട്ടിക്കാട് മേഖലകളിലാണ് സംഘം പരിശോധന കേന്ദ്രീകരിച്ചത്. തൃശൂർ ജില്ലയിൽ പട്ടയ ഭൂമിയിൽ നിന്നും വനഭൂമിയിൽ നിന്നുമായി 500 ലേറെ മരങ്ങൾ വെട്ടിക്കടത്തിയത് എവിടേക്കെല്ലാം കൊണ്ടുപോയിട്ടുണ്ടെന്ന അന്വേഷണമാണ് വ്യാപകമാക്കിയത്. പരിശോധനയിൽ തൃശൂർ ഫ്‌ളൈയിംഗ് സ്‌ക്വാഡുമുണ്ട്. തൃശൂരിൽ നിന്ന് കടത്തിയ മരങ്ങൾ നേരത്തെ മലപ്പുറത്തും കണ്ടെത്തിയിരുന്നു.
സ്ഥലങ്ങൾ സന്ദർശിച്ച് കോൺഗ്രസ് നേതാക്കൾ
ബി.ജെ.പി സംഘത്തിന്റെ സന്ദർശനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കളും മരംമുറി നടന്ന സ്ഥലങ്ങളിലെത്തി. സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കെ.പി.സി.സി സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയൽ, എ.പ്രസാദ്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.