വാടാനപ്പിളളി: ഇടശ്ശേരിയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാനും കാറും ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രികരായ ഗുരുവായൂർ ചൊവ്വല്ലൂർപ്പടി മുഹമ്മദ് , ഭാര്യ ഷമീറ, മകൾ ഫാത്തിമ എന്നിവർക്കും കന്യാകുമാരി സ്വദേശികളായ സെൽവൻ, സഹായത്ത്, യേശുദാസ്, വിജയ്, ബീന, സോമൻ എന്നിവർക്കുമാണ് പരിക്കേറ്റത്.
ദേശീയ പാത 66ൽ ഇടശ്ശേരി സെന്ററിന് തെക്കുഭാഗത്തായി തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാൻ ആദ്യം മരത്തിലിടിച്ചു. അപകടം കണ്ട ബൈക്ക് യാത്രികൻ ബൈക്ക് നിറുത്തിയതിനെ തുടർന്ന് പിറകിൽ വന്ന സ്വിഫ്റ്റ് കാർ ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.