covid

തൃശൂർ: ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ സി.എഫ്.എൽ.ടി.സി മതിലകത്ത് ഒരുക്കാൻ നടപടികൾ തുടങ്ങി. മതിലകം പഞ്ചായത്തിലെ ട്രാൻസ്‌ഗ്ലോബൽ ഡ്രൈ പോർട്ടിൽ ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പ്രാഥമികതല പരിശോധന നടത്തും. മെഡിക്കൽ കോളേജിലെ എഞ്ചിനീയറിംഗ് വിഭാഗം അടങ്ങുന്ന സംഘവും സ്ഥലം പരിശോധിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.എഫ്.എൽ.ടി.സി ആരംഭിക്കുവാൻ ആവശ്യമായ അവശ്യവസ്തുക്കളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കണക്കെടുക്കുക. നേരത്തെ 1200 കിടക്കകളുമായി എം.എ യൂസഫലിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച സി.എഫ്.എൽ.ടി.സി ആണ് ഏറ്റവും വലുത്. മൂന്നാം തരംഗത്തെ നേരിടാൻ ജില്ലയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മതിലകത്തെ ഡ്രൈ പോർട്ട് നാഷണൽ ഹൈവെ 66നോട് ചേർന്ന് സുരക്ഷിത ചുറ്റുമതിലോടെയുള്ള ഈ കെട്ടിടത്തിൽ 300 ഓക്‌സിജൻ കിടക്കകളോടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഉയരുക. വിശാലമായ സൗകര്യങ്ങളുള്ള ഇവിടെ ട്രീറ്റ്‌മെന്റ് സെന്ററിനാവാശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കിയാൽ ഉടൻ പ്രവർത്തനമാരംഭിക്കാനാകും. നിലവിൽ 85 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് സി.എഫ്.എൽ.ടി.സി തുടങ്ങാൻ വേണ്ടി വരിക. ഡ്രൈ പോർട്ട് ഉടമ പി.വി അഹമ്മദ് കുട്ടി, ആസാ ഗ്രൂപ്പ് സാരഥി സി.പി സാലിഹ് എന്നിവർ സി.എഫ്.എൽ.ടി.സിക്ക് ആവശ്യമായ സഹകരണങ്ങൾ നൽകാമെന്ന് യോഗത്തിൽ വാഗ്ദാനം ചെയ്തു.
യോഗത്തിൽ ഇ ടി ടൈസൺ മാസ്റ്റർ എം.എൽ.എ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ഡി.എം.ഒ കെ.ജെ റീന, ഡി.പി.എം സതീഷ്, ഡോ.രവീന്ദ്രൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മിഷൻ ജില്ലാ കോഡിനേറ്റർ ഡോ.റാണ എം.എസ്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർമാരായ മഞ്ജീത്ത് കൃഷ്ണൻ ചുങ്കത്ത്, കെ.ജെ ജീന, ഡ്രൈ പോർട്ട് ഉടമ പി.വി അഹമ്മദ് കുട്ടി, ആസാ ഗ്രൂപ്പ് സാരഥി സി.പി സാലിഹ് എന്നിവർ പങ്കെടുത്തു.


രോഗവ്യാപനം കൂടുതൽ തീരദേശത്ത്
ജില്ലയിൽ തീരദേശമേഖലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിലവിൽ കേസുകൾ കുറഞ്ഞു വരുന്നുണ്ടെങ്കിലും മേഖലയിലെ പഞ്ചായത്തുകളിലെ ടി.പി.ആർ പതിമൂന്നും പന്ത്രണ്ടും ശതമാനമാണ്.