വാടാനപ്പിള്ളി: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വാടാനപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതി പ്രകാരം അനുവദിച്ച 38 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ഉപയോഗപ്പെടുത്തിയാണ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ വേണ്ട മാറ്റങ്ങൾ നടപ്പിലാക്കുക.

ഇതിനുപുറമെ എം.എൽ.എ എക്‌സ്‌റേ യൂണിറ്റിനായി അനുവദിച്ച 20 ലക്ഷം രൂപയും ഉപയോഗപ്പെടുത്തും. രോഗി സൗഹൃദ ആശുപത്രിയായി മാറുന്നതോടെ ഒട്ടേറെ സൗകര്യങ്ങളാണ് രോഗികൾക്കായി ഇവിടെ ഒരുക്കുക. പ്രീ ചെക്കപ്പ് സൗകര്യങ്ങൾ, രജിസ്‌ട്രേഷൻ, സ്വകാര്യതയുള്ള ഒ.പി മുറികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, കുടിവെള്ള സൗകര്യം, ലാബ്, ഫാർമസി, സ്വകാര്യതയുള്ള കുത്തിവയ്പ്, ഡ്രസ്സിംഗ് മുറികൾ എന്നിവ സജ്ജീകരിക്കും. സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വസന്ത ദേവലാൽ, നാഷണൽ ഹെൽത്ത് മിഷൻ ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ റാണ, എൻ.എച്ച്.എം എൻജിനിയർ ശോഭ, ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് പ്രതിനിധികൾ, വാടാനപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. പി.കെ. രാധാകൃഷ്ണൻ, ഹെൽത്ത് സൂപ്പർവൈസർ ടി.എസ്. സുബ്രമണ്യൻ, ഹെഡ് നഴ്‌സ് ഉഷസ്, പബ്ലിക് റിലേഷൻ ഓഫീസർ കസീമ കെ.കെ. എന്നിവർ ആർദ്രം അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ആശുപത്രി സന്ദർശിച്ചു.