smart-village

തൃശൂർ : ജനങ്ങൾക്ക് സേവനങ്ങൾ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ പുതിയ 28 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കും.

തൃശൂർ, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി, തലപ്പിള്ളി, കുന്നംകുളം തുടങ്ങിയ ഏഴ് താലൂക്കുകളിലായി 28 സ്മാർട്ട് വില്ലേജ് നിർമ്മാണത്തിനാവശ്യമായ നടപടികൾക്ക് തുടക്കമായി. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. പ്ലാൻ ഫണ്ട് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. 44 ലക്ഷം രൂപയാണ് ഒരു സ്മാർട്ട് വില്ലേജ് നിർമ്മാണത്തിന് വകയിരുത്തിയത്. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 10 സ്മാർട്ട് വില്ലേജുകളാണ് നിർമ്മിക്കുന്നത്. രണ്ട് വില്ലേജുകളുടെ നിർമ്മാണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ബാക്കി 8 എണ്ണം 2022 മാർച്ചിൽ പൂർത്തീകരിക്കും. റീ ബിൽഡ് കേരളയിൽ 18 സ്മാർട്ട് വില്ലേജുകളാണ് നിർമ്മിക്കുക.

2016 മുതൽ ജില്ലയിൽ ഇതുവരെ പ്ലാൻ ഫണ്ടിൽ 12 സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണം പൂർത്തിയായി പ്രവർത്തനം ആരംഭിച്ചു. മന്ത്രി കെ. രാജന്റെ നിർദ്ദേശത്തെ തുടർന്ന് കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്മാർട്ട് വില്ലേജ് പ്രവർത്തനം വിലയിരുത്തി. ഓൺലൈനായി നടന്ന യോഗത്തിൽ എ.ഡി.എം റെജി ജോസഫ്, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, കേരള സ്റ്റേറ്റ് നിർമ്മിതി എക്‌സിക്യൂട്ടിവ് എൻജിനീയർ എന്നിവർ പങ്കെടുത്തു.

സ്മാർട്ട് വില്ലേജ് പദ്ധതി ഇങ്ങനെ

വകയിരുത്തിയത്

44 ലക്ഷം രൂപ

പ്ലാൻ ഫണ്ടിൽ

10 സ്മാർട്ട് വില്ലേജുകൾ

റീ ബിൽഡ് കേരളയിൽ

18 സ്മാർട്ട് വില്ലേജുകൾ

മൂന്ന് ഘട്ടമായി നിർമ്മാണം

ആദ്യഘട്ടം പൂർത്തിയാകുക ഡിസംബർ 31 ന്

11 സ്മാർട്ട് വില്ലേജ് കെട്ടിടം

രണ്ടാം ഘട്ടത്തിൽ മൂന്ന്

മൂന്നാം ഘട്ടത്തിൽ നാല്

പൂർത്തിയാകുക

2022 മാർച്ചിൽ