vellangallur-panchaytah
കാടു പിടിച്ചു നശിക്കുന്ന വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ ആരോഗ്യ ഉപകേന്ദ്രം

വെള്ളാങ്ങല്ലൂർ: അഞ്ചുവർഷമായി പ്രവർത്തനങ്ങളില്ലാതായ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രം കാടുകയറി നശിക്കുന്നു. യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ആരംഭിച്ച ഉപകേന്ദ്രത്തിൽ ആഴ്ചയിൽ രണ്ടു ദിവസം ഡോക്ടറുടെ സേവനവും കുട്ടികൾക്കുള്ള കുത്തിവയ്പും നടന്നിരുന്നു.

വട്ടേക്കാട്ടുകര, കാരുമാത്ര, കടലായി പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാരമായിരുന്നു കേന്ദ്രം. ഇപ്പോൾ കാടു പിടിച്ച് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഭരണ സമിതിയിലും ഇപ്പോഴത്തെ ഭരണസമിതിയിലുമുള്ള പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായിരുന്നു ഇവിടത്തെ വാർഡ് മെമ്പർമാർ.

കൊവിഡ് കാലത്ത് ടെസ്റ്റുകൾക്കും വാക്‌സിൻ നൽകാനും മറ്റു ചികിത്സയ്ക്കും എല്ലാ സൗകര്യമുള്ളതും ഏറെ ഉപകരിക്കുന്നതുമായ സ്ഥാപനം എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആരോഗ്യ ഉപകേന്ദ്രത്തിനോടുള്ള അവഗണനയിൽ പ്രധിഷേധിച്ചു വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന പറഞ്ഞു.