കൊടുങ്ങല്ലൂർ : കൊവിഡ് കാലത്തെ ലോക് ഡൗൺ മൂലം തൊഴിൽ രഹിതരായി ദുരിതം പേറുന്നവരെ സഹായിക്കാൻ കോട്ടപ്പുറത്ത് സ്ഥാപിച്ച ജോസഫിന്റെ കടയിൽ തിരക്ക് ഒഴിയുന്നില്ല. ഒരു കുടുംബത്തിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ ഇവിടെ നിന്നും കിട്ടുമെന്നത് കൊണ്ടാണ് തിരക്ക്.
ജാതിയുടെയോ മതത്തിന്റെയോ വേർതിരിവില്ല. എല്ലാവരും സമൻന്മാരാണ്. ചെല്ലുന്ന ആൾ സഞ്ചി കൊടുത്താൽ വളണ്ടിയർമാർ കുടുംബത്തിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ എടുത്തു തരും. പണം ചോദിക്കാൻ ആരുമില്ല. ആവശ്യമുള്ള ആർക്കും ഇവിടേക്ക് വരാം. ഇതാണ് ജോസഫിന്റെ കടയുടെ പ്രത്യേകത.
കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വികാരി ഫാ. അംബ്രോസ് പുത്തൻ വീട്ടിലിന്റെ ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞ ആശയത്തിൽ നിന്നാണ് ജോസഫിന്റെ കടയുടെ പിറവി. ദിവസവും ആയിരത്തിലേറെ പേർ ഇവിടെ വരുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ വരുന്നവരുടെ പേരുകൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നു. അതിനാൽ വരുന്നവരുടെ എണ്ണം കൃതൃമായി അറിയാൻ കഴിയും.
കത്തീഡ്രലിനോട് ചേർന്ന മദർ തെരേസ ഹാളിലാണ് ജോസഫിന്റെ കട പ്രവർത്തിക്കുന്നത്. ആദ്യ ദിവസം 30,000 രൂപ പള്ളിയിൽ നിന്ന് എടുത്താണ് കട തുടങ്ങിയത്. കൊവിഡ് മഹാമാരി സാധാരണക്കാരുടെ നിത്യജീവിതം എത്രമാത്രം ദുരിതപൂർണമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ജോസഫിന്റെ കടയ്ക്കു മുമ്പിലെ തിരക്ക് സാക്ഷ്യപെടുത്തുന്നു.
കട തുറന്നതോടെ ഉദാരമതികളായ പലരും സഹായവുമായി എത്തുന്നുണ്ട്. പ്രദേശത്തെ കാർഷികമേഖലകളിൽ ഉള്ളവരും സൗജന്യമായി ജോസഫിന്റെ കടയിലേക്ക് കാർഷിക വിഭവങ്ങൾ നൽകാൻ തയ്യാറായിട്ടുണ്ട്.