തൃശൂർ: പോയി പോയി തട്ടിപ്പുവരെ ഡോർ ഡെലിവറിയായി വീട്ടിലെത്തുന്നു. എസ്.എം.എസിലൂടെയും മെയിലിലൂടെയും വാട്ട്‌സാപ്പിലൂടെയും മാത്രമല്ല, ലോക്ക് ഡൗൺ കാലത്ത് രജിസ്റ്റേഡ് പോസ്റ്റ് വഴിയും പണം തട്ടുകയാണ് സംഘങ്ങൾ. വ്യാപാര വെബ്‌സൈറ്റുകളിൽ നിന്ന് ഔദ്യോഗിക കത്താണെന്ന വ്യാജേനയാണ്, ലക്ഷങ്ങളുടെ സമ്മാനം നേടിയ വിവരവുമായി പോസ്റ്റെത്തുന്നത്.
സമ്മാനത്തുക കിട്ടാൻ ജി.എസ്.ടിയും ലെവിയും മറ്റും നൽകണമെന്ന് പറഞ്ഞ് ഒരു ലക്ഷത്തോളം രൂപ ആദ്യം അയയ്ക്കാൻ പറയും. അക്കൗണ്ട് നമ്പറും പേരും വിലാസവും മൊബൈൽ നമ്പറും ഇമെയിലോ വാട്ട്‌സാപ്പോ ചെയ്യാനും നിർദ്ദേശിക്കും. അയച്ച പണം നഷ്ടപ്പെട്ട പലരുമുണ്ടെങ്കിലും പരാതിപ്പെടുന്നവർ കുറവാണ്. സമൂഹത്തിലെ ഉന്നത നിലയിലുള്ളവർ നാണക്കേട് കാരണം പുറത്തുപറയുകയുമില്ല. അതുകൊണ്ടുതന്നെ അന്വേഷണവും നടക്കില്ല. പരാതി പറഞ്ഞാലും കേസാക്കി രജിസ്റ്റർ ചെയ്യാൻ ഇഷ്ടമില്ലാത്തവരുമേറെ. പൊലീസിനെ അറിയിച്ച് മറ്റുളളവർ ഈ തട്ടിപ്പിൽ പെടരുതെന്ന സന്ദേശം നൽകാൻ അഭ്യർത്ഥിക്കുന്നവരുമുണ്ട്.
സിം ബ്‌ളോക്കാകും ?
ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും വെരിഫിക്കേഷനായി ബന്ധപ്പെടണമെന്നും പറഞ്ഞ് ടെക്സ്റ്റ് മെസ്സജുകളും ഫോൺ കോളുകളും വഴിയുള്ള തട്ടിപ്പുമുണ്ട്. വ്യാജ അപ്‌ളിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും ആപ്ലിക്കേഷൻ ഓപ്പൺ ആകുമ്പോൾ 'ഐ.ഡി. നമ്പർ ' തരാനും ആവശ്യപ്പെടും. സ്‌ക്രീനിൽ കാണുന്ന 'എഗ്രീ' ബട്ടൺ അമർത്തിയ ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി പത്ത് രൂപയ്ക്ക് റീച്ചാർജ് ചെയ്യാനും നിർദ്ദേശിക്കും. റീച്ചാർജ് തുകയോടൊപ്പം നഷ്ടപ്പെടുന്നത് പതിനായിരങ്ങളാകും. സ്‌ക്രീനിൽ ടൈപ്പ് ചെയ്യുന്ന എ.ടി.എം. കാർഡ് നമ്പറും രഹസ്യ ഒ.ടി.പി. വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരന്റെ കൈയിലാണെത്തുക.
വ്യാജപരസ്യങ്ങളും
ലൈസൻസ്, രജിസ്‌ട്രേഷൻ, ഇൻഷ്വറൻസ് എന്നിവ ആവശ്യമില്ലെന്ന് പരസ്യം നൽകി ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ വിൽക്കുന്നതായി വ്യാജപരസ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് മോട്ടോർവാഹന വകുപ്പിന്റെ പരിശോധനയിൽപെട്ടിരുന്നു. മോട്ടോർ വാഹനം എന്ന നിർവചനത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമുണ്ടെന്നും ഓടിക്കാൻ ലൈസൻസ് ആവശ്യമാണെന്നും വ്യക്തമാക്കി, രജിസ്‌ട്രേഷൻ ആവശ്യമുള്ള വാഹനങ്ങളുടെ വിവരങ്ങളും വ്യക്തമാക്കിയിരുന്നു.
ഓൺലൈൻ ക്ലാസുകളിലേക്കും വ്യാജന്മാർ
പണം തട്ടിപ്പിനല്ലെങ്കിലും ഓൺലൈൻ ക്ലാസുകളിലേക്കും വ്യാജന്മാർ നുഴഞ്ഞുകയറുന്നതായി പൊലീസ് മുന്നറിയിപ്പ്. പൊതുവിദ്യാലയത്തിന്റെ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് 'വ്യാജവിദ്യാർത്ഥി' ഡാൻസ് ചെയ്ത സംഭവവുമുണ്ടായി. ഓൺലൈൻ വഴി പ്രവേശനം നേടിയവരെ അദ്ധ്യാപകർക്ക് പരിചയമില്ലാത്തതിനാൽ വ്യാജന്മാരെ കണ്ടെത്താൻ പ്രയാസമാണ്. അച്ഛനമ്മമാരുടെ ഐ.ഡി. ഉപയോഗിച്ച് ക്ലാസിൽ കയറുന്നതുമൂലം പേരുകൾ കണ്ട് തിരിച്ചറിയാനും കഴിയുന്നില്ല. സൗജന്യമായി ലഭിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ക്ലാസ് നടത്തുന്നതിനാൽ അന്വേഷണത്തിനും പരിമിതിയുണ്ട്. ക്ലാസുകളുടെ ലിങ്കും പാസ്‌വേഡും കുട്ടികളിൽ നിന്നു തന്നെയാണ് ചോരുന്നത്. ഇവ കൈമാറാതിരിക്കണമെന്നാണ് പൊലീസ് നിർദ്ദേശം.
യാതൊരു കാരണവശാലും ബാങ്ക് വിവരങ്ങളോ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ആർക്കും നൽകാതിരിക്കുക. തട്ടിപ്പിനിരയായാൽ ഉടനെ ബന്ധപ്പെട്ട ബാങ്കുമായും പൊലീസ് സ്‌റ്റേഷനുമായും എത്രയും പെട്ടെന്ന് ബന്ധപ്പെടണം.
സൈബർ പൊലീസ്