ഒല്ലൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷൻ വഴി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. നിയോജകമണ്ഡലത്തിലെ പാണഞ്ചേരി, മാടക്കത്തറ, നടത്തറ, പുത്തൂർ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജലജീവൻ മിഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിലവിലെ ജലവിതരണ ശൃംഖലയിൽ നിന്നും സാധ്യമാകുന്ന കണക്ഷനുകൾ നൽകുന്ന പ്രവർത്തനമാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ അടുത്തഘട്ടമായി കൂടുതൽ ശുദ്ധജലം എത്തിക്കുന്നതും വിതരണം ചെയ്യുന്നതുമായ വിപുലമായ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.
പുത്തൂർ പഞ്ചായത്തിൽ 68.75 കോടി രൂപയുടെയും പാണഞ്ചേരി പഞ്ചായത്തിൽ 59.51കോടി രൂപയുടെയും മാടക്കത്തറ പഞ്ചായത്തിൽ 47.35കോടി രൂപയുടെയും പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുന്നതിനുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. നടത്തറ പഞ്ചായത്തിൽ ജലനിധിയുമായി സഹകരിച്ച് കുടിവെള്ള കണക്ഷൻ ഇല്ലാത്ത എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഓൺലൈനായി ചേർന്ന യോഗത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, ഇന്ദിര മോഹൻ, മിനി ഉണ്ണിക്കൃഷ്ണൻ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.