thod
ജെ.സി.ബി ഉപയോഗിച്ച് കരയിലേക്ക് കയറ്റിയ മണ്ണ് മഴയിൽ ഒലിച്ച് തോട്ടിലേക്ക് തന്നെ വരുന്നു.

കൊടുങ്ങലൂർ: എറിയാട് മണപ്പാട്ട്ച്ചാൽ പ്രദേശത്ത് കടലേറ്റം തടയൻ കടൽ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെയുണ്ടായിരുന്ന കടൽ ഭിത്തി പത്ത് വർഷം മുമ്പ് തകർന്നിരുന്നു. കടലേറ്റത്തിൽ പെരുന്തോട്ടിലെക്ക് വെള്ളം കയറി പ്രദേശം മുങ്ങുന്ന സ്ഥിതിയാണ്. വെള്ളം ഇറങ്ങുമ്പോൾ പെരുംതോട് മണ്ണും ചളിയും കയറി നികന്ന അവസ്ഥയിലാകും. മണ്ണ് നീക്കം ചെയ്യാൻ പഞ്ചായത്തിന് ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടി വരുന്നത്. ജെ.സി.ബി ഉപയോഗിച്ച് കരയിലേക്ക് കോരി ഇടുന്ന മണൽ അടുത്ത കടലേറ്റത്തിലോ, മഴയിലോ വീണ്ടും തോട്ടിലേക്ക് തന്നെ അടിയുന്നത് പതിവാണ്. ഇത്തരത്തിൽ മണൽ നീക്കം ചെയ്യുന്ന പ്രവൃത്തി അശാസ്ത്രീയമാണെന്ന് നാട്ടുകാർ പറയുന്നു. അടിക്കടിയുണ്ടാകുന്ന കടൽക്ഷോഭം തീരത്തിന്റെയും, തീരദേശവാസികളുടെയും നിലനിൽപ്പിന് ഭീഷണി ഉയർത്തുകയാണ്. കടൽഭിത്തി നിർമ്മിക്കാനും, പെരുന്തോട്ടിലെ മണ്ണും ചളിയും നീക്കി ആഴം കൂട്ടാനും,​ തോട് കല്ല്കെട്ടി സംരക്ഷിക്കാനും അധികൃതർ തയ്യാറാകണമെന്ന് എറിയാട് ഒന്നാം വാർഡ് കമ്മിറ്റി പ്രസിഡന്റ് ടി.കെ നസീർ ആവശ്യപ്പെട്ടു.