തൃശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബി.ജെ.പി നേതാക്കൾ കൊണ്ടുവന്നതാണെന്നും ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നും പിടിയിലായ പ്രതികൾ കോടതിയിൽ മൊഴി നൽകി. ബി.ജെ.പിക്കാർ വാടകസംഘത്തെ ഉപയോഗിച്ച് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പത്ത് പ്രതികൾ തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ജാമ്യാപേക്ഷ കോടതി തള്ളി.
എ.എസ്.ഐക്ക് സ്ഥലം മാറ്റം
അതേസമയം, അന്വേഷണ സംഘത്തിനെതിരെ വ്യാജപ്രചാരണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐയെ സ്ഥലം മാറ്റി. പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ബി.ജെ.പിക്കാർക്ക് വിവരം ചോർത്തിയെന്ന് പ്രചരിപ്പിച്ചതിനാണ് എ.എസ്.ഐ പി.വി. സുഭാഷിനെ മണ്ണുത്തി സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.