ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ 14-ാം വാർഡിലെ കുണ്ടുകുഴിപ്പാടം പി.എച്ച്.സി സബ്ബ് സെന്ററിൽ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്നും കൊവിഡ് വാക്‌സിൻ നൽകാനുള്ള കേന്ദ്രമായി പരിഗണിക്കണമെന്നും കുണ്ടുകുഴിപ്പാടം വെസ്റ്റ് എസ്.എൻ.ഡി.പി ശാഖാ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ശാഖാ പ്രസിഡന്റ് പി.ജി. സന്തോഷ് കുമാർ അദ്ധ്യക്ഷ വഹിച്ചു. ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, ശാഖാ സെക്രട്ടറി ബിന്ദു മനോഹരൻ, കെ.എ. ശിവൻ, ടി.എസ്. ജയൻ, ടി.കെ. ബാബു, മിനി സുബ്രഹ്മണ്യൻ, വിജി സുനിൽ എന്നിവർ സംസാരിച്ചു .
ചാലക്കുടിയുടെ കിഴക്കൻ മലയോര പ്രദേശങ്ങളായ കുണ്ടുകുഴിപ്പാടം, കുറ്റിച്ചിറ, കാരാപ്പാടം, പുളിങ്കര, ചെമ്പൻകുന്ന്, ചായ്പൻകുഴി, രണ്ടുകൈ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് അസുഖം വന്നാൽ ചികിൽസയ്ക്കായി പതിനഞ്ചും ഇരുപതും കിലോമീറ്ററുകൾ അധികം സഞ്ചരിച്ച് ചാലക്കുടി ഗവ: താലൂക്ക് ആശുപത്രിയിലോ എലിഞ്ഞിപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ പോകേണ്ട സ്ഥിതിയാണുള്ളത്.
വർഷങ്ങൾക്ക് മുമ്പ് കുണ്ടുകുഴിപ്പാടം പി.എച്ച്.സി സബ്ബ് സെന്ററിൽ ഡോക്ടറുടെ സേവനം ഉണ്ടായിരുന്നതാണ് . ഇപ്പോൾ 50 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചിട്ടും ഒരു പ്രയോജനവും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥിരമായി ഡോക്ടറേയും നഴ്‌സിന്റേയും മറ്റ് അനുബന്ധ സേവനങ്ങളും ലഭ്യമാക്കിയാൽ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നും നേതാക്കൾ പറഞ്ഞു