തൃശൂർ: മാസ്റ്റർപ്ലാൻ സംബന്ധിച്ച് ജനങ്ങൾക്കുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് കൗൺസിലർമാർ. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് കൗൺസിലർമാർ ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാർ അംഗീകരിച്ച മാസ്റ്റർപ്ലാനിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. സർക്കാർ അംഗീകരിച്ച മാസ്റ്റർപ്ലാൻ അന്തിമമാണ് എന്ന വാദം ബാലിശമാണെന്ന് ഭരണപക്ഷ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. മാസ്റ്റർപ്ലാനിൽ ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ ഉണ്ടെങ്കിൽ തിരുത്തുക തന്നെ വേണം. ഇത് ആവശ്യപ്പെടാനുള്ള എല്ലാ അധികാരവും കോർപറേഷൻ കൗൺസിലിൽ നിക്ഷിപ്തമാണ്. ഈ അധികാരം വിനിയോഗിക്കുകയാണ് വേണ്ടത്. ഇതിനായി മാസ്റ്റർപ്ലാൻ ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന് ബി.ജെ.പിയും കോൺഗ്രസും ആവശ്യപ്പെട്ടു. ഇപ്പോഴത്തെ കൗൺസിൽ അംഗങ്ങൾ ഐക്യകണ്‌ഠേന പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടാൽ മാസ്റ്റർപ്ലാനിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ സർക്കാർ നിർബന്ധിതമാകുമെന്ന് കൗൺസിലർമാർ പറഞ്ഞു. മാസ്റ്റർപ്ലാനിലെ ന്യൂനതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ടൗൺ പ്ലാനർ തൃശൂർ കോർപ്പറേഷൻ അയച്ച കത്ത് അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് മൂലകാരണമെന്ന് കോൺഗ്രസ് കൗൺസിലർമാർ പറഞ്ഞു. പൊതുജന ഹിതം മനസ്സിലാക്കി വില്ലേജ് സർവ്വേ നമ്പർ ഉൾപ്പെടെയുള്ള വിശദമായ മാസ്റ്റർ പ്ലാൻ ടൗൺപ്ലാനറെ വിളിച്ചു വരുത്തി സംശയം ദുരീകരണം ചെയ്യുന്നതിനും വിശദ ചർച്ചയ്ക്കായി സ്‌പെഷ്യൽ കൗൺസിൽ ചേരുമെന്നും മേയർ ഉറപ്പു നൽകി.