തൃശൂർ: മുളങ്കുന്നത്തുകാവ് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എഫ്.സി.ഐ) ഗോഡൗണിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് കീറച്ചാക്കിലാണെന്ന പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷൻ അംഗം വി. രമേശൻ പരിശോധനയ്ക്ക് ശേഷം പറഞ്ഞു. വാഗണിൽ നിന്ന് ചാക്ക് ഇറക്കുന്നതിനു തൊഴിലാളികൾ ഉപയോഗിക്കുന്ന ഹുക്ക് കൊണ്ടു കീറിയത് മാത്രമാണ് കണ്ടെത്തിയത്. ഇത്തരത്തിൽ 30 ഓളം ചാക്കുകൾ മാത്രം ആണ് കണ്ടത്. അത്തരം ചാക്കുകൾ മറ്റ് ചാക്കുകളിലാക്കിയാണ് കൊണ്ടു പോകുന്നതെന്നാണ് അധികൃതർ നൽകിയ വിശദീകരണം. ഇതു സംബന്ധിച്ചു ഭക്ഷ്യ സുരക്ഷ കമ്മീഷണർക്ക് റിപ്പോർട്ട് നൽകും. അതേ സമയം, റേഷൻ കടകളിൽ കീറിയ ചാക്കുകളിലാണോ എത്തുന്നതെന്ന് പരിശോധിക്കും. എഫ്.സി. ഐ ഗോഡൗണുകളിൽ നിന്ന് നേരിട്ട് റേഷൻ കടകളിലേക്ക് ഭക്ഷ്യ ധാന്യം നേരിട്ട് കൊണ്ടു പോകുന്നു എന്നത് സംബന്ധിച്ചു സപ്ലൈ ഓഫീസറിൽ നിന്ന് റിപ്പോർട്ട് തേടിയതായും അദ്ദേഹം പറഞ്ഞു. മുളങ്കുന്നത്തുകാവ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ഗോഡൗണിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് കീറച്ചാക്കിലാണെന്നും ഇതുമൂലം വലിയ തോതിൽ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമാവുകയാണെന്നുമായിരുന്നു പരാതി. 100 ക്വിന്റൽ അരി ഒരു ട്രക്കിൽ കയറ്റി എൻ.എഫ്.എസ്.എ ഗോഡൗണിലേക്ക് എത്തിയാൽ ചുരുങ്ങിയത് 150 കിലോ അരി ട്രക്കിൽ നിന്നും അടിച്ചുവാരി എടുക്കേണ്ട ഗതികേടാണുള്ളതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തൃശൂർ താലൂക്കിലെ മുപ്പതിൽ താഴെ റേഷൻ കടകളിലേക്ക് വിതരണം നടത്തിയെന്നാണ് ആരോപണം. എന്നാൽ ഇത്തരം പരാതികൾ ജില്ലയിലെ പൊതുവിതരണ മേഖലയെ തകർക്കുന്ന തരത്തിലുള്ളതാണെന്ന് തൊഴിലാളികളും യൂണിയൻ നേതാക്കളും പറയുന്നു.