തൃശൂർ: ജില്ലയിലെ റേഷൻ വിതരണ, വാതിൽപ്പടി ഗതാഗത കരാർ നടപടികൾ കടലാസിൽ തന്നെ. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പുതിയ ഗതാഗത കരാർ നിലവിൽ വന്നുവെങ്കിലും തൃശൂർ ജില്ലയിൽ മാത്രം താത്കാലിക കരാർ തുടരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി ആരോപണ വിധേയന് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് കരാർ നൽകിയത്. പുതിയ കരാർ നടപടികളിൽ വീണ്ടും ബിനാമികൾക്കെന്ന് ആക്ഷേപമെന്ന് ആരോപണം വന്നതോടെ ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ ഒരാൾ ഹർജി ഹർജി നൽകി. ഹർജിയിൽ റിപ്പോർട്ട് തേടി ഹൈക്കോടതി റി ടെൻണ്ടർ വിളിക്കുന്നതിന് ആവശ്യപ്പെട്ടു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഇഴയുകയാണ്. ഇതുമായി ബന്ധപ്പെട്ട് നടപടികൾ തുടരുകയാണെന്ന നിലപാടാണ് അധികൃതരുടേത്. വിളിക്കാനിരിക്കുന്ന ടെൻഡർ നടപടികളിൽ നിന്ന് ആരോപണ വിധേയനേയും ബിനാമികളെയും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ വെള്ളം ചേർക്കുകയാണ് ലക്ഷ്യം എന്നാണ് ഇതര കരാറുകരുടെ ആരോപണം.
കഴിഞ്ഞ മൂന്നു വർഷവും ആരോപണ വിധേയനും കൂട്ടാളികൾക്കും താൽകാലിക കരാർ നൽകിയ അധികൃതർ കഴിഞ്ഞ വർഷം വിളിച്ച പുതിയ കരാർ നടപടികളിലും വെള്ളം ചേർത്തതായി ടെൻഡർ നടപടികളിൽ പെങ്കടുത്തവർ ആരോപിച്ചിരുന്നു. ഇതുമൂലം ജില്ലയിലെ ആറു താലൂക്കുകളിലും വീണ്ടും ബിനാമികൾക്ക് ലഭിക്കാനുള്ള സാദ്ധ്യതയാണ് നിഴലിച്ചത്. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുവാൻ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറോട് (സി.എം.ഡി) ആവശ്യപ്പെട്ടത്. കഴിഞ്ഞ സെപ്തംബർ 29നാണ് ജില്ലയിലെ ആറു താലൂക്കുകളിലേക്ക് ഗതാഗത കരാറിനായുള്ള ടെൻഡർ തുറന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ തുക ഏഴുതി നഷ്ടത്തിൽ കരാർ കൈക്കലാക്കാൻ ശ്രമം നടത്തിയ ആൾ ആരോപണ വിധേയെന്റ ബിനാമി ആണെന്ന പരാതിയാണ് ഇതര കരാർ നൽകിയത്. ഇത് സംബന്ധിച്ച് സി.എം.ഡിക്ക് നേരത്തെ പരാതി എത്തിയിരുന്നു. പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റി ടെണ്ടർ വിളിക്കാൻ കോടതി ആവശ്യപ്പെട്ടത്. എന്നാൽ തുടർ നടപടികൾ ചുവപ്പുനാടയിലാണ്.
കഴിഞ്ഞ മൂന്നുവർഷമായി ജില്ലയിലെ റേഷൻ വിതരണ ഗതാഗത കരാർ നടപടികൾ സുതാര്യമല്ല. അതിനിടെ ബിനാമികൾക്ക് കരാർ നൽകി എന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ കരാർ റദ്ദാവുകയും ചെയ്തു. എന്നാൽ താത്കാലിക കരാർ ആരോപണ വിധേയർക്ക് നൽകി സപ്ലൈകോ അധികൃതർ ഇതുവരെ വിതരണം നടത്തിയിരുന്നത്. അതിനിടെ താത്കാലിക കരാർ ഇല്ലാതാക്കി പുതിയ കരാർ നടപടി സ്വീകരിക്കാനിരിക്കെ അതിനെതിരെ ഈ സംഘത്തിലുള്ളവർ തുരങ്കം വെക്കുകയും ചെയ്തു.