ksrtc-

തൃശൂർ: നാൽപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനജീവിതം സാധാരണ നിലയിലേയ്ക്ക് നീങ്ങിത്തുടങ്ങുമ്പോഴും പൊതുഗതാഗത സംവിധാനം നേരിടുന്നത് വൻപ്രതിസന്ധി. ഇന്നലെ കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും അടക്കം നൂറോളം സർവീസുകൾ മാത്രമാണുണ്ടായത്.


അതിൽ ഭൂരിഭാഗം ബസുകളിലും യാത്രക്കാർ നന്നേ കുറവായിരുന്നു. യാത്രക്കാരില്ലാത്തതിനാൽ വരും ദിവസങ്ങളിലും കൂടുതൽ സർവീസുകളുണ്ടായേക്കില്ല. ഓട്ടോ, ടാക്‌സി സർവീസുകളും ഭാഗികമായി സജീവമായിത്തുടങ്ങിയിട്ടുണ്ട്. ദേശീയ, സംസ്ഥാനപാതകളിലും നഗരങ്ങളിലും തിരക്കേറി. എന്നാൽ ഗ്രാമീണമേഖലകളിൽ സ്വകാര്യയാത്രാ സംവിധാനങ്ങളാണ് ഏറെയും ആശ്രയിക്കുന്നത്. അതുകൊണ്ട് നഗരങ്ങൾ കേന്ദ്രീകരിച്ച് മാത്രമാകും വരുംദിവസങ്ങളിൽ ബസ് സർവീസുണ്ടാകുക.

അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ സർവീസ് തുടങ്ങാമെന്നാണ് കെ.എസ്.ആർ.ടി.സിക്കുളള നിർദ്ദേശം. ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. ടി.പി.ആർ ഇരുപതിനും മുപ്പതിനും ഇടയിലുള്ള പതിനഞ്ച് പഞ്ചായത്തുകളിൽ ഇന്നലെ ലോക്ഡൗണുണ്ടായിരുന്നു. അതുകൊണ്ട് ഈ മേഖലകളിൽ സ്വകാര്യബസുകൾ എന്തായാലും സർവീസ് നടത്തില്ല. ശനി, ഞായർ ദിവസങ്ങളിൽ ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ സർവീസുകൾ അൽപ്പമെങ്കിലും കൂടിയേക്കും. ഇന്നലെ കുന്നംകുളം, ഗുരുവായൂർ, പറപ്പൂർ, കൊടുങ്ങല്ലൂർ റൂട്ടുകളിലേക്കുള്ള സ്വകാര്യ ബസുകൾ മാത്രമാണ് ഓടിയത്.


എട്ട് ശതമാനത്തിൽ താഴെ ടി.പി.ആർ ഉള്ള എ വിഭാഗത്തിലെ പ്രദേശങ്ങൾ പൂർണ്ണമായും തുറന്നിട്ടുണ്ട്. ഇവിടെ യാത്രയ്ക്ക് പാസ് നിർബന്ധമില്ല. എന്നാൽ ആൾക്കൂട്ടം തടയാൻ പരിശോധനകൾ തുടരുന്നുണ്ട്. പഞ്ചായത്തുകളിൽ കടകളും പൂർണ്ണമായും തുറന്നിട്ടില്ല. അതിനാൽ യാത്രക്കാർ തീരെക്കുറഞ്ഞു.

21 ന് ചക്രസ്തംഭനം

ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ചക്രസ്തംഭന സമരത്തിൽ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനും പങ്കെടുക്കും. രാവിലെ 11 ന് 15 മിനിറ്റ് ജില്ലയിലെ മുഴുവൻ വാഹനങ്ങളും നിറുത്തിയിട്ട് പ്രതിഷേധിക്കും.

വരും ദിവസങ്ങളിലും കൂടുതൽ സ്വകാര്യബസുകൾ ജില്ലയിൽ ഓടാനിടയില്ല. ഡീസൽ വിലവർദ്ധനയും യാത്രക്കാരുടെ കുറവും കാരണം ബസ് സർവീസ് നടത്തുന്നത് വൻ നഷ്ടത്തിലാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ നികുതി ഇനത്തിൽ കൂട്ടിയ എക്‌സൈസ് തീരുവ കുറവ് വരുത്തി പൊതുഗതാഗതം സംരക്ഷിക്കണം.

കെ.കെ സേതുമാധവൻ
ജനറൽ സെക്രട്ടറി
ട്രിച്ചൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോ.

സർവീസുകൾ ഇങ്ങനെ

ഇന്നലെ ഓടിയ സ്വകാര്യബസുകൾ: 25
മൊത്തം സ്വകാര്യബസുകൾ: 1500
തൃശൂർ ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി : 20
തിരുവനന്തപുരത്തേയ്ക്ക് : 2
ഫാസ്റ്റ് പാസഞ്ചർ: 10 (പാലക്കാട്, എറണാകുളം, കോട്ടയം, കോഴിക്കോട്)
ഓർഡിനറി: 8 (ഷൊർണ്ണൂർ, തിരുവില്ല്വാമല, ചേലക്കര, മുളങ്കുന്നത്തുകാവ്, കൊടുങ്ങല്ലൂർ)