കൊടുങ്ങല്ലൂർ: അതിജീവനത്തിന്റെ പോരാട്ട വീഥിയിൽ വ്യത്യസ്തമായ സേവനം നൽകിക്കൊണ്ട് ശ്രദ്ധ നേടുകയാണ് മതിലകം പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെന്റർ. കാതിക്കോട് അൽ അഖ്‌സ സ്‌കൂളിൽ പ്രവർത്തിക്കുന്ന ഡി.സി.സിയിൽ പഞ്ചായത്തിലെ 17 വാർഡിലെയും കൊവിഡ് ബാധിതരാണ് കഴിയുന്നത്. രോഗികൾക്ക് എല്ലാ വിധത്തിലുമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സണ്ണിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിനാണ് ഡി.സി.സിയുടെ ഔദ്യോഗിക ചുമതല. രോഗികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി കൗൺസിലിംഗും ഇവിടെ നടത്തുന്നുണ്ട്. അതിഥി തൊഴിലാളികളടക്കം എഴുപത്തിയഞ്ചോളം കൊവിഡ് ബാധിതർക്ക് തുണയാകാൻ സെന്ററിന് സാധിച്ചു. 2021 മേയ് 11നാണ് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.
ആശാവർക്കർമാരും ആർ.ആർ.ടി അംഗങ്ങളുടെയും സേവന രംഗത്ത് സദാ സജ്ജരാണ്. അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഓഫീസ് സംവിധാനം ഏകോപിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് വി.എസ് രവീന്ദ്രൻ, ജനപ്രതിനിധികൾ എന്നിവരാണ് ഡി.സി.സിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.