കുന്നംകുളം: സാധാരണയായി യാത്രക്കാർ ബസിനെയാണ് കാത്തുനിൽക്കാറുള്ളത്. എന്നാൽ കൊവിഡ് ഇതെല്ലാം മാറ്റിമറിച്ചു. രൂക്ഷമായ കൊവിഡ് വ്യാപനവും കർശന നിയന്ത്രണങ്ങളും അവസാനിച്ച് പൊതു ഗതാഗതത്തിനു സർക്കാർ അനുമതി നൽകിയെങ്കിലും യാത്രക്കാരില്ലാതെ ബസ് ജീവനക്കാർ വലഞ്ഞു. ആദ്യദിനം സർവീസ് നടത്താൻ കുന്നംകുളം നഗരത്തിലെത്തിയ ബസുകൾ യാത്രക്കാരെ കാത്ത് മണിക്കുറുകളാണ് സ്റ്റാൻഡിൽ കിടന്നത്.
മുന്നൂറിൽ കൂടുതൽ ബസ്സുകളുള്ള കുന്നംകുളം സ്റ്റാൻഡിൽ നീണ്ട ഒന്നര മാസത്തിന് ശേഷം സർവീസ് നടത്താൻ എത്തിയത് പതിനഞ്ചിൽ താഴെ ബസ്സുകൾ മാത്രം. ഏറെ പ്രതീക്ഷയോടെയാണ് ബസ്സുകാർ സ്റ്റാൻഡിൽ എത്തിയതെങ്കിലും യാത്രക്കാരില്ലാത്തത് ബസ്സുടമകളെയും ജീവനക്കാരെയും നിരാശരാക്കി . തൃശ്ശൂർ- കുന്നംകുളം റൂട്ടിൽ നാല് ബസ്സുകളും ഗുരുവായൂർ -പട്ടാമ്പി റൂട്ടിൽ അഞ്ച് ബസ്സുകളും വടക്കാഞ്ചേരി, ചാവക്കാട്, കുണ്ടുകടവ്, റൂട്ടിൽ ഓരോ വണ്ടികൾ വീതവുമാണ് സർവീസ് നടത്തിയത്. കൊടവം പറമ്പിൽ ട്രാവൽസിന്റെ 5 ബസ്സും ആര്യ ട്രാവൽസ് മൂന്ന് ബസ്സും എം.കെ.കെയുടെ രണ്ട് ബസ്സും കൃഷ്ണപ്രിയ, റോയക്‌സ് ബസ്സുകളുമാണ് പ്രധാനമായും സർവീസ് നടത്തിയത്.
കൊവിഡ് മഹാമാരിയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബസ് തൊഴിലാളികളും ഉടമകളും. ഭൂരിഭാഗം ബസ്സുകളിലെയും തൊഴിലാളികൾ മറ്റ് ജോലി അന്വേഷിച്ചു പോയി. ബസ്സുകൾ പലതും കാടുകയറി നശിച്ചു. എന്നാൽ വീണ്ടും പഴയപടി കാര്യങ്ങളൊക്കെ റൂട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും ബസുടമകളും.
.........................
ഇനി ബസ്സുകൾ ഇറക്കണമെങ്കിൽ ഭീമമായ സംഖ്യ ബസിനായി ചെലവാക്കണം എന്ന കാരണത്താൽ പലരും ഇനി ബസ് ഇറക്കുന്നില്ലെന്ന നിലപാടിലാണ്. സർക്കാർ ഇടപെട്ട് സഹായം നൽകുകയും ബസ് ചാർജ് വർദ്ധിപ്പിക്കുകയും ചെയ്യാതെ ഈ വ്യവസായം ഇനി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല
- ബസുടമകൾ